ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി
ഇടുക്കി: ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. 50 മുതല്‍ 100 സെമി വരെ ഷട്ടറുകള്‍ ഉയര്‍ത്തി 68 മുതല്‍ 131 ക്യുമെക്സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാ കളക്‌ട്ര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡാമില്‍ നിലവില്‍ 164.05 മീറ്ററാണ് ജലനിരപ്പ്.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ച് ദിവസവും മലയോര മേഖലയില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇവിടങ്ങളില്‍ അതീവ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുകയും ആവശ്യമായ ഘട്ടങ്ങളില്‍ മാറി താമസിക്കാന്‍ തയ്യാറാവുകയും വേണം. പെട്ടെന്നുണ്ടാകുന്ന മഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചില്‍ ഉണ്ടാകാനും നദികളിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തില്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ലെന്ന് മുന്നറിയിപ്പ് സന്ദേശത്തില്‍ പറഞ്ഞു.
തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. മഴയുടെ സാഹചര്യം നോക്കി ക്യാമ്ബുകളിലേക്ക് മാറി താമസിക്കണം. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകളും, ഇത്തരം പ്രദേശങ്ങളിലെ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് മഴ തുടരുന്ന പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ടു ടീമുകളെ ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ വിന്യസിച്ചു. ഇതിനു പുറമെ അഞ്ച് സംഘങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കാനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര സഹായങ്ങള്‍ക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ ടോള്‍ ഫ്രീ നമ്ബര്‍ ആയ 1077 ല്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.