ഫോൺ ഓർഡർ ചെയ്തു, കിട്ടിയത് ഉപയോഗ കാലാവധി കഴിഞ്ഞ 3 പൗഡർ ; തട്ടിപ്പ് നടത്തിയത് ഡെലിവറി ജീവനക്കാരൻ


നെടുങ്കണ്ടം:ഓൺലൈൻ ആപ്പിലൂടെ മൊബൈൽ ഫോൺ ഓർഡർ ചെയ്ത വീട്ടമ്മയ്ക്ക് ഉപയോഗ കാലാവധി കഴിഞ്ഞ 3 പൗഡർ ടിൻ നൽകി തട്ടിപ്പ് നടത്തിയത് ഡെലിവറി ജീവനക്കാരനാണെന്ന് പൊലീസ് കണ്ടെത്തി. ഫോണിന്റെ വില ഓൺലൈൻ സ്ഥാപനത്തിനു നൽകി ജീവനക്കാരൻ കേസിൽ നിന്നു തടിതപ്പി. ഇയാൾ ഇതുപോലെ മറ്റു 3 ഫോണുകളുടെ പാക്കറ്റിലും തട്ടിപ്പ് നടത്തിയെന്ന് പൊലീസ് പറയുന്നു. ഫോൺ ഓർഡർ ചെയ്തവർക്ക് നഷ്ടപരിഹാരം നൽകാമെന്ന് ഡെലിവറി ജീവനക്കാരൻ അറിയിച്ചതായും പൊലീസ് പറഞ്ഞു.അതേസമയം കേസുമായി മുന്നോട്ടുപോകാനാണ് പരാതി നൽകിയ വീട്ടമ്മയുടെ തീരുമാനം. വില കൂടിയ ഫോൺ ഉപയോക്താവിനു വിതരണം ചെയ്യും മുൻപ് മാറ്റി പകരം വില കുറഞ്ഞ ഫോൺ അതേ ബോക്സിൽ വച്ചു കൊടുക്കുകയാണ് ഡെലിവറി ബോയ് ചെയ്തിരുന്നതെന്നു പൊലീസ് കണ്ടെത്തി.
മുണ്ടിയെരുമയിലെ സർക്കാർ വിദ്യാലയത്തിൽ ജോലി ചെയ്യുന്ന ഭർത്താവിനു വേണ്ടി ഭാര്യ ഓൺലൈനായി ഓർഡർ ചെയ്ത ഫോണിന് പകരമാണ് പൗഡർ ടിൻ എത്തിയത്. പൊലീസ് സ്റ്റേഷനിലും ഉപഭോക്തൃ കോടതിയിലും വീട്ടമ്മ പരാതി നൽകിയിരുന്നു. 16,999 രൂപയ്ക്കാണ് ഫോൺ ബുക്ക് ചെയ്തത്. 16നു ഫോൺ എത്തിയെന്ന വിവരം ഡെലിവറി ജീവനക്കാരൻ അറിയിച്ചു.
ഫോൺ വാങ്ങാനായി എത്തിയ ഭർത്താവ് കവർ പൊട്ടിച്ചുനോക്കാൻ ശ്രമിച്ചെങ്കിലും ഡെലിവറി ജീവനക്കാരൻ സമ്മതിച്ചില്ല. വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഓർഡർ ചെയ്ത ഫോണിന്റെ അതേ ഭാരമായിരുന്നു പൗഡർ ടിന്നുകൾക്കും. ബോക്സിൽ ടിന്നുകൾ കുലുങ്ങി ശബ്ദമുണ്ടാകാതിരിക്കാൻ പാക്ക് ചെയ്തപ്പോൾ ശ്രദ്ധിച്ചിരുന്നു.