ആദ്യ തദ്ദേശീയ മങ്കിപോക്സ് ആർടി-പിസിആർ കിറ്റ് ആന്ധ്രാപ്രദേശിൽ പുറത്തിറക്കി


ആന്ധ്രാപ്രദേശ്: മങ്കിപോക്സ് പരിശോധനയ്ക്കായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ആർടി-പിസിആർ കിറ്റ് വെള്ളിയാഴ്ച ആന്ധ്രാപ്രദേശ് മെഡ്ടെക് സോണിൽ (എഎംടിസഡ്) പുറത്തിറക്കി. ട്രാൻസാസിയ ബയോമെഡിക്കൽസ് വികസിപ്പിച്ചെടുത്ത കിറ്റ് കേന്ദ്രത്തിന്‍റെ പ്രിൻസിപ്പൽ സയന്‍റിഫിക് അഡ്വൈസർ അജയ് കുമാർ സൂദ് അനാച്ഛാദനം ചെയ്തു. ട്രാൻസാസിയ-എർബ മങ്കിപോക്സ് ആർടി-പിസിആർ കിറ്റ് വളരെ സെൻസിറ്റീവ് ആണ്. പക്ഷേ മികച്ച കൃത്യതയ്ക്കായി അതുല്യമായി രൂപപ്പെടുത്തിയ പ്രൈമറും പ്രോബും ഉപയോഗിച്ച് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ടെസ്റ്റ് ആണിത്.
ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗം നേരത്തെ കണ്ടെത്തുന്നതിനും മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കിറ്റ് സഹായിക്കുമെന്ന് ട്രാൻസാസിയ സ്ഥാപക ചെയർമാൻ സുരേഷ് വസിറാനി പറഞ്ഞു.
സയന്‍റിഫിക് സെക്രട്ടറി അരബിന്ദ മിത്ര, ഐസിഎംആർ മുൻ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ, ബയോടെക്നോളജി ഉപദേഷ്ടാവ് അൽക്ക ശർമ്മ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.