കേരളത്തിൽ പുരുഷന്മാരേക്കാൾ കൂടുതല്‍ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്ക്


കേരളത്തിൽ പുരുഷൻമാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്കെന്ന് സർവേ. ദേശീയ കുടുംബാരോഗ്യ സർവേയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കാണ് കൂടുതൽ ലൈംഗിക പങ്കാളികളുള്ളതെന്ന് സർവേയിൽ പറയുന്നു.
കേരളത്തിനു പുറമെ രാജസ്ഥാൻ, ഹരിയാന, ചണ്ഡിഗഡ്, ജമ്മു കശ്മീർ, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക് ലൈംഗിക പങ്കാളികളുള്ളത്. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ലൈംഗിക പങ്കാളികളുള്ളത് രാജസ്ഥാനിലാണെന്ന് നാഷണൽ ഫാമിലി ഹെൽത്ത് സർവേയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഭാര്യയോ ജീവിതപങ്കാളിയോ അല്ലാത്തവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരിൽ, പുരുഷൻമാരുടെ എണ്ണം ദേശീയ ശരാശരിയിൽ സ്ത്രീകളെക്കാൾ പതിന്മടങ്ങ് കൂടുതലാണ്. ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാർ 4% ആണ്. സ്ത്രീകളിൽ ഇത് വെറും 0.5 ശതമാനം മാത്രമാണെന്നും സർവ്വേയിൽ പറയുന്നു. രാജ്യത്തെ 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 707 ജില്ലകളിലാണ് അഞ്ചാമത്തെ ദേശീയ കുടുംബാരോഗ്യ സർവേ നടത്തിയത്.