ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ എത്തിയത് വന്‍ സന്നാഹം
മുട്ടം: പഞ്ചായത്തുപടിയില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ എത്തിയത് വന്‍ സന്നാഹം.
തൊടുപുഴ, മൂലമറ്റം, ഈരാറ്റുപേട്ട അഗ്നിരക്ഷാ നിലയത്തില്‍നിന്നായി നാല് യൂനിറ്റ് അഗ്നിരക്ഷാസേനയും നാല്‍പതോളം ഫയര്‍മാന്‍മാരുമാണ് എത്തിയത്. ഇവരുടേതിന് പുറമെ മറ്റ് മൂന്ന് ആംബുലസും നിമിഷങ്ങള്‍ക്കകം എത്തി.
നാട്ടുകാരായ നൂറുകണക്കിനാളുകള്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയെങ്കിലും വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും പുറത്തെടുക്കാന്‍ ഒന്നര മണിക്കൂര്‍ വേണ്ടിവന്നു. 40 അടിയിലധികം താഴ്ചയിലേക്ക് വീണതിന്‍റെ ആഘാതത്തില്‍ ലോറിയുടെ കാബിന്‍ ചതഞ്ഞ് അമര്‍ന്നിരുന്നു. കട്ടര്‍ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങള്‍ മുറിച്ചുമാറ്റുമ്ബോള്‍ ഉള്ളിലിരുന്ന ക്ലീനര്‍ വേദനകൊണ്ട് കരയുകയായിരുന്നു.
ക്ലീനറുടെ ദേഹമാസകലം ചതവും ഒടിവും സംഭവിച്ചിട്ടുണ്ട്. ക്ലീനറെ പുറത്തെടുത്ത് മുക്കാല്‍ മണിക്കൂര്‍കൂടി കഴിഞ്ഞാണ് ഡ്രൈവറെ പുറത്തെത്തിച്ചത്. നാട്ടുകാര്‍ ഒത്തുപിടിച്ച് കാബിന്‍ ഉയര്‍ത്തി മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന്, മുട്ടത്തുനിന്ന് ക്രെയിന്‍ എത്തിച്ച് കാബിനില്‍ കയര്‍കെട്ടി ഉയര്‍ത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്.
ഡീന്‍ കുര്യാക്കോസ് എം.പി, ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ്, തൊടുപുഴ ഡിവൈ.എസ്.പി, മുട്ടം, മേലുകാവ് സ്റ്റേഷനകളിലെ പൊലീസുകാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അപകടം നടന്ന സ്ഥലം നിരന്തര അപകട മേഖലയാണ്. കുത്തനെയുള്ള ഇറക്കവും കൊടുംവളവുമാണ് പ്രധാന കാരണം. ഇത് അറിയാതെ എത്തുന്ന ചരക്കുവണ്ടികളാണ് അധികവും അപകടത്തില്‍പെടുന്നത്. ഈ കൊടുംവളവുകളില്‍ എല്ലാം വീടുകളുണ്ട്. ഈ വീടുകളുടെ മുറ്റത്തേക്കാണ് പലപ്പോഴും വാഹനങ്ങള്‍ പതിക്കുന്നത്.