നടിയെ ആക്രമിച്ച കേസ് : ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റത്തിനെതിരെ അതിക്രമത്തിനിരയായ നടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി.
ഹൈക്കോടതി ജഡ്ജി കൗസര്‍ എടപ്പഗത്താണ് കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയത്.
കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നിന്നും എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് എതിരെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ജുഡീഷ്യല്‍ ഉത്തരവ് നിലനില്‍ക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ മേല്‍നോട്ടത്തിലാണ് വിചാരണ നടന്നുവന്നത്. ജഡ്ജി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥലം മാറിയപ്പോള്‍ കേസും അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു.
നേരത്തെ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയിരുന്നു.