കോവിൻ പോർട്ടൽ വഴി ഇനി രക്ത-അവയവ ദാനവും
ന്യൂഡല്‍ഹി: കോവിൻ പോർട്ടലിൽ രക്ത-അവയവദാനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്താനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചു. പോർട്ടലിന്‍റെ പുതുക്കിയ പതിപ്പ് അടുത്ത മാസം പകുതിയോടെ പ്രവർത്തനക്ഷമമാകും.
കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള സാർവത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടി (യുഐപി) പോർട്ടലിന് കീഴിൽ കൊണ്ടുവരും. ഇതിലൂടെ മുഴുവൻ വാക്സിനേഷൻ സംവിധാനവും ഡിജിറ്റലൈസ് ചെയ്യും. ഗുണഭോക്താക്കളുടെ വിവരശേഖരണം സുഗമമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നൽകുന്ന സംവിധാനം പ്ലാറ്റ്ഫോമിൽ തുടരും. വാക്സിനേഷനുള്ള സ്ലോട്ടുകൾ പോർട്ടൽ വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. എല്ലാ രോഗപ്രതിരോധ കുത്തിവയ്പ്പുകളും ഡിജിറ്റലൈസ് ചെയ്തുകഴിഞ്ഞാൽ, വാക്സിനേഷൻ സൈറ്റിൽ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
കോവിനുമായി രക്തദാനവും അവയവദാന പ്രക്രിയകളും സംയോജിപ്പിക്കുന്നത് ആവശ്യമുള്ളവർക്ക് അനുയോജ്യമായ രക്ത, അവയവ ദാതാക്കളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ സഹായിക്കും. പരീക്ഷണാടിസ്ഥാനത്തിൽ ഓരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശത്തെയും രണ്ട് ജില്ലകളിൽ മൂന്ന് മാസത്തേക്ക് പുതുക്കിയ പതിപ്പ് ലഭ്യമാക്കും. തുടർന്ന് ഇത് ദേശീയ തലത്തിൽ പ്രവർത്തനസജ്ജമാകും. ഡിഫ്തീരിയ, ടെറ്റനസ്, പോളിയോ, അഞ്ചാംപനി, റുബെല്ല, കുട്ടികളിലെ ക്ഷയരോഗം, ഹെപ്പറ്റൈറ്റിസ് ബി, മെനിഞ്ചൈറ്റിസ്, ഹീമോഫിലസ് ഇന്‍ഫ്‌ലുവന്‍സ ടൈപ്പ്-ബി, തുടങ്ങി 12 രോഗങ്ങള്‍ക്കുള്ള കുത്തിവെപ്പുകളാണ് യുഐപിക്ക് കീഴിൽ നൽകുന്നത്.