സംയുക്ത കര്‍ഷക സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനവരി 26 റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയും പൊതു സമ്മേളനവും കട്ടപ്പനയില്‍


ഡല്‍ഹി കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായുണ്ടാക്കിയ കരാര്‍ നടപ്പിലാക്കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നടപ്പിലാക്കുക, ഡല്‍ഹി കര്‍ഷക സമരത്തില്‍ മരണപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക ,ലെഖിംപൂര്‍ ഖേരി കൂട്ടക്കൊലക്കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുക, കര്‍ഷക സമരത്തിന്റെ ഭാഗമായി എടുത്ത കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടിപ്പിക്കുന്ന ട്രാക്ടര്‍ റാലി ജനുവരി 26ന് 3 മണിക്ക് പുളിയന്മലയില്‍ കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് ഫ്ളാഗ്ഓഫ് ചെയ്യും.
വൈകിട്ട് 4 മണിക്ക് കട്ടപ്പന പഴയബസ്റ്റാന്റിന് സമീപമുളള മുനിസിപ്പല്‍ മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന റാലിയുടെ സമാപന സമ്മേളനംഎംഎം.മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന മോദി ഗവണ്‍മെന്റ് കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകളുടെ താല്‍പര്യത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്.
കാര്‍ഷിക മേഖലയില്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളാണ് ബിജെപി ഗവണ്‍മെന്റും തുടര്‍ന്നുവരുന്നത്.
ആഗോള വല്‍ക്കരണത്തിനു ശേഷം ഇതിനോടകം 5 ലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കാര്‍ഷികോൽപ്പന്നങ്ങളുടെ വിലത്തകര്‍ച്ച കാരണം കൃഷിക്കാര്‍ കടക്കെണിയിലാണ്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ല. എന്നാല്‍ കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപ എഴുതി തളളുകയും ചെയ്യുന്നു.
കര്‍ഷകന് കാര്‍ഷിക മേഖലയില്‍ നിന്നും നാമമാത്രമായ വരുമാനമേ ലഭിക്കുന്നുള്ളൂ. വളം, കീടനാശിനി എന്നിവയുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുന്നു.
വില യഥേഷ്ടം വര്‍ദ്ധിപ്പിക്കുന്നതിനുളള സൗകര്യം കോര്‍പ്പറേറ്റുകള്‍ക്ക് ചെയ്തുകൊടുക്കുന്നു. ഉത്പ്പന്നങ്ങളുടെ തറവില നിശ്ചയിക്കുന്നതിന് മോദി സര്‍ക്കാര്‍ തയ്യാറാവുന്നില്ല.
സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാതെ ഇപ്പോഴും പൂഴ്ത്തി വച്ചിരിക്കുകയാണ്. ഇന്ത്യയുടെ സമ്പത്തിന്റെ 50 ശതമാനവും ഏതാനും കോര്‍പ്പറേറ്റുകളുടെ കൈവശമാണ്. കാര്‍ഷിക മേഖലയേയും കോര്‍പ്പറേറ്റുകള്‍ വലിയ ചൂഷണ കേന്ദ്രങ്ങളാക്കുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാര്‍ലമെന്റ് പാസാക്കിയ 3 കര്‍ഷകവിരുദ്ധ നിയമങ്ങള്‍. ഈ കരിനിയമങ്ങള്‍ക്കെതിരെ ഐതിഹാസിക സമരം സംഘടിപ്പിക്കുവാനും നിയമം പിന്‍വലിപ്പിക്കുവാനും സംയുക്ത കര്‍ഷക സമിതിക്ക് കഴിഞ്ഞു. മോദി ഗവണ്‍മെന്റ് നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുനല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനുവരി 26-ന് സംഘടിപ്പിക്കുന്ന ട്രാക്ടര്‍ റാലി വിജയിപ്പിക്കണമെന്ന് എല്ലാ വിഭാഗം കര്‍ഷകരോടും മറ്റുജന വിഭാഗങ്ങളോടും സംയുക്ത കര്‍ഷക സമിതി അഭ്യര്‍ത്ഥിക്കുന്നു.
കര്‍ഷകറാലിയിലും പൊതു സമ്മേളനത്തിലും നേതാക്കളായ സി വി വര്‍ഗീസ്, റോമിയോ സെബാസ്റ്റ്യന്‍, എന്‍.വി ബേബി, ടി.സി.കുര്യന്‍, പി.കെ.സദാശിവന്‍, ബിജു ഐക്കര, സിനോജ് വെള്ളാടി, ജോര്‍ജ് അഗസ്റ്റിന്‍, മാത്യു ജോര്‍ജ്, വി.കെ സോമന്‍ എന്നിവര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോര്‍ജ്, കിസാന്‍സഭ ജില്ലാ സെക്രട്ടറി ടി.സി. കുര്യന്‍, കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബിജു ഐക്കര, വി.എന്‍ നടരാജന്‍, കെ എന്‍ വിനീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.