ലോക ഗജദിനം തേക്കടിയില്‍ കേന്ദ്ര വനം മന്ത്രി ഉദ്ഘാടനം ചെയ്തു


ഇടുക്കി: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ച സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും മന്ത്രാലയവും റിവ്യു പെറ്റീഷന്‍ നല്‍കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്.
ലോക ഗജ ദിനത്തോടനുബന്ധിച്ച ആഘോഷപരിപാടികള്‍ തേക്കടിയിലെ വനശ്രീ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രത്യേകിച്ച് വിധിയിലെ സെക്ഷന്‍ 44 എ, ഇ എന്നിവ പുനഃപരിശോധിക്കാനാവശ്യപ്പെടും. വിധിയുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായ ശേഖരണം സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിഷയത്തില്‍ നിലവിലെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ പരമോന്നത കോടതിയെ ബോധ്യപ്പെടുത്താനാവുമെന്നാണ് പ്രതീഷിക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും കേരളത്തിലെ ഒട്ടേറെ പേര്‍ സമീപിച്ചിരുന്നു. മനുഷ്യരും വന്യജീവികളും തമ്മിലെ സംഘര്‍ഷ വിഷയത്തില്‍ മന്ത്രാലയം 2021 ല്‍ തന്നെ ഒരു മാര്‍ഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 11 പ്രകാരം കേരളത്തിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കിയിട്ടുണ്ട്. ഈ അധികാരം ഉപയോഗിച്ച് പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര വനം പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാനം വകുപ്പ് സഹമന്ത്രി അശ്വിനി കുമാര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. കാട് സംരക്ഷിക്കുന്നതില്‍ കേരളവും ഇടുക്കിയും ഏറെ മുന്നില്‍ ആണെങ്കിലും വന്യമൃഗ ആക്രമണത്തില്‍ കേരളം ഏറെ പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്നും കഴിഞ്ഞ 10 വര്‍ഷത്തിനിടെ 40 പേരാണ് ജില്ലയില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും ഇടുക്കി എംപി അഡ്വ ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പ്രകൃതി സംരക്ഷിക്കപ്പെടണം, ആനകളുടെ സംരക്ഷണവും ആവശ്യമാണ.് പക്ഷെ ജനങളുടെ ജീവനും സ്വത്തും സംരക്ഷിക്കപ്പെടണമെന്നും എം.പി ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലെ ഫണ്ടിന്റെ അപര്യാപ്തത അദ്ദേഹം കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എംപി ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് വാഴൂര്‍ സോമന്‍ എംഎല്‍എ പിന്തുണ അറിയിച്ചു.
ചടങ്ങില്‍ രാജ്യത്തെ ആനകളുടെ സംരക്ഷണം സംബന്ധിച്ച വീഡിയോ പ്രദര്‍ശനവും ഗജദിന പോസ്റ്റര്‍, പുസ്തക പ്രകാശനവും കേന്ദ്രമന്ത്രി ഭൂപെന്ദ്ര യാദവ് നിര്‍വഹിച്ചു. കെയറിങ് ഫോര്‍ എലെഫന്റ്സ്; മാനേജിങ് ഹെല്‍ത്ത് & വെല്‍ഫയര്‍ ഇന്‍ ക്യാപ്റ്റിവിറ്റി,എലെഫന്റ് റീസര്‍വ്സ് ഓഫ് ഇന്ത്യ: ആന്‍ അറ്റ്ലസ്, എലെഫന്റ് റിസര്‍വ്സ് ഓഫ് ഇന്ത്യ; ലാന്‍ഡ് യൂസ് ലാന്‍ഡ് കവര്‍ ക്ലാസിഫിക്കേഷന്‍, സ്പെഷ്യല്‍ എഡിഷന്‍ ഓഫ് ട്രമ്ബറ്റ് എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടത്തി.