അവധിയില്ല, നേരത്തെ ഉറങ്ങണം; വീണ്ടും കുറിപ്പുമായി കളക്ടര്‍ മാമന്‍
ആലപ്പുഴ: ജില്ലാ കളക്ടറായി ചുമതലയേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആലപ്പുഴ കളക്ടർ വി.ആർ.കൃഷ്ണ തേജ ഏവരുടേയും കൈയടി നേടിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച ഉത്തരവിനൊപ്പമുളള അദ്ദേഹത്തിന്‍റെ കുറിപ്പും ചുമതലയേറ്റതിന്‍റെ തുടക്കം മുതൽ തന്നെ ശ്രദ്ധ നേടിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടെ പഠനത്തിനൊപ്പം ജോലി ചെയ്യേണ്ടി വന്നതിനെക്കുറിച്ചും, ഐ.എ.എസ് പാസാകാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചുളള അദ്ദേഹത്തിന്‍റെ പ്രസംഗവും സോഷ്യൽ മീഡിയയിൽ വൈറലായി. ഇപ്പോഴിതാ കുട്ടികൾക്കായി പുതിയ കുറിപ്പുമായി എത്തിയിരിക്കുകയാണ് കളക്ടർ മാമൻ.
എന്‍റെ പ്രിയപ്പെട്ട മക്കളേ, നിങ്ങളിൽ ചിലർക്ക് നാളെ നിങ്ങളുടെ സുഹൃത്തുക്കളെ വീണ്ടും കാണാൻ കഴിയുമെന്നതിൽ സന്തോഷമുണ്ടെന്ന് എനിക്കറിയാം. ചിലർക്ക് അവധിയില്ലാത്തതിൽ സങ്കടമുണ്ട്. കുഴപ്പമില്ല. ഇന്ന് രാത്രി, എല്ലാവരും ഒരു നല്ല ഭക്ഷണം കഴിക്കുകയും നേരത്തെ ഉറങ്ങാൻ പോകുകയും വേണം. നിങ്ങൾ ഉറങ്ങാൻ പോകുമ്പോൾ അച്ഛനോടും അമ്മയോടും നെറ്റിയിൽ ഉമ്മ ചോദിക്കാൻ മറക്കല്ലേ? അതിരാവിലെ എഴുന്നേറ്റ് വേഗം റെഡിയാകുക. സ്കൂളിൽ പോകുന്നതിനുമുമ്പ്, നിങ്ങൾ നിങ്ങളുടെ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് പറയണം.അച്ഛാ.. അമ്മേ… ഞാൻ നന്നായി പഠിക്കും. വലുതാകുമ്പോൾ, നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു വ്യക്തിയാകും. നിങ്ങളെ ഞാന്‍ ജീവനു തുല്യം സ്‌നേഹിക്കും. പൊന്നുപോലെ നോക്കും. എന്റെ പ്രിയപ്പെട്ട എല്ലാ കുട്ടികള്‍ക്കും സ്‌നേഹാശംസകള്‍. ഒരുപാട് സ്‌നേഹത്തോടെ, നിങ്ങളുടെ സ്വന്തം. എന്നായിരുന്നു കളക്ടറുടെ കുറിപ്പ്.