ഇടുക്കി ഡാം തുറന്നാലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല


🟥ഇടുക്കി ഡാം തുറന്നാലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല
🟥നിലവിൽ ശക്തമായ മഴ മാറി നിൽക്കുകയും നീരൊഴുക്ക് കുറയുകയും ചെയ്ത സാഹചര്യത്തിൽ ഡാം തുറക്കേണ്ടി വന്നാലും കുറഞ്ഞ അളവിൽ ആയിരിക്കും വെള്ളം പുറത്തേക്ക് ഒഴുകുന്നത്.
🟥500 ക്യൂമെക്സ് (ക്യൂബിക് മീറ്റർ പെർ സെക്കന്റ്) ജലം വരെ തുറന്ന് വിട്ടാൽ പെരിയാറിൽ കാര്യമായി വ്യത്യാസമുണ്ടാവാനിടയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്രയും ജലം തുറന്ന് വിടേണ്ട സാഹചര്യമില്ല.
🟥2021 ഇൽ 100 ക്യൂമെക്സ് ജലമാണ് ഇടുക്കി ഡാമിൽ നിന്ന് തുറന്നു വിട്ടത്. ലോവർ പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ സംഭരിക്കുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്ത ശേഷം 40 ക്യൂമെക്സ് ജലം മാത്രമാണ് താഴേക്ക് ഒഴുകിയെത്തിയത്.
🟥ഇടമലയാർ ഡാമിന് മുകളിലുള്ള തേനാർ ഡാം പ്രദേശത്തു ശക്തമായ മഴ തുടർന്ന സാഹചര്യത്തിൽ 2021ൽ ഇടമലയാർ ഡാമിൽ നിന്നും 100 ക്യൂമെക്സ് ജലം അന്ന് പുറത്തേക്ക് വിട്ടിരുന്നു. 140 ക്യൂമെക്സ് ജലം അന്ന് പെരിയാറിൽ അധികമായി ഒഴുകിയിട്ടും കാലടി മേഖലയിൽ അഞ്ചു സെന്റിമീറ്റർ മാത്രമാണ് ജലനിരപ്പ് ഉയർന്നത്. മറ്റു പ്രദേശങ്ങളിൽ കാര്യമായ മാറ്റം ദൃശ്യമായില്ല.
🟥നിലവിൽ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് 2221 ക്യൂസെക്‌സ്( 62.89 ക്യൂമെക്സ് ) ജലമാണ് തുറന്ന് വിടുന്നത്. ഇടമലയാർ ഡാമിൽ അലെർട്ടുകൾ നിലവിലില്ല. മാർത്താണ്ഡവർമ്മ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് 2.11 മീറ്ററും കാലടിയിൽ 3.73 മീറ്ററും മംഗലപ്പുഴ ഭാഗത്തു 1.95 മീറ്ററുമാണ്. ഈ സ്ഥലങ്ങളിൽ എല്ലാം ജലനിരപ്പ് അപകട നിലക്ക് താഴെയുമാണ്.
🟥 ഇടുക്കി ഡാമിൽ നിന്ന് ജലം എത്തുന്ന ഡാമുകളും പെരിയാർ നദിയും ഉദ്യോഗസ്ഥരുടെ പൂർണ നിരീക്ഷണത്തിൽ ആണ്. ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ വകുപ്പുകളും ഉദ്യോഗസ്ഥരും വിവരങ്ങൾ വിലയിരുത്തി നിരീക്ഷിക്കുകയാണ്.
ഡോ. രേണു രാജ്
ജില്ലാ കളക്ടർ