ബഫര്‍സോണ്‍ വിഷയത്തിലും ഭൂ പ്രശ്നത്തിലും സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നുവെന്ന് ഹൈറേഞ്ച് സംരക്ഷണ സമതി
ഇടുക്കി: ബഫര്‍സോണ്‍ വിഷയത്തിലും ഭൂ പ്രശ്നത്തിലും സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നുവെന്ന് ഹൈറേഞ്ച് സംരക്ഷണ സമതി.
ഭൂ നിയമ ഭേദഗതിയില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണോയെന്ന് സംശയമുണ്ടെന്നും സമതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു. അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ മറ്റ് സംഘടനകളുമായി ചേര്‍ന്നുള്ള സമരത്തിലേയ്ക്ക് നീങ്ങുമെന്നും സമതി നേതൃത്വം വ്യക്തമാക്കി.
ബഫര്‍സോണ്‍ വിഷയത്തിലും ഭൂ പ്രശ്നങ്ങളുടെ പരിഹാരമാവശ്യപ്പെട്ടും ഇടുക്കി ജില്ലയുടെ വിവിധ മേഖലകളില്‍ ജനകീയ സമിതികള്‍ രൂപീകരിച്ച് കര്‍ഷകര്‍ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നുവെന്ന ആരോപണം ഉന്നയിച്ച് ഹൈറേഞ്ച് സംരക്ഷണ സമതി രംഗത്തെത്തിയിരിക്കുന്നത്.
ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരുമെന്ന് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നല്‍കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണോയെന്ന് സംശയമുണ്ടെന്നും സമതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു.
ബഫര്‍ സോണ്‍ വിഷയവും ഭൂ നിയമ ഭേദഗതിയുമടക്കം വേഗത്തിലാക്കുന്നതിന് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കാണും. കൂടി കാഴ്ചയിലൂടെ പ്രശ്നപരിഹാരത്തിനുള്ള വഴി തെളിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രശ്ന പരിഹാരം വൈകിയാല്‍ വിവിധ കര്‍ഷക സംഘടനകള്‍ക്കൊപ്പം സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധത്തിലേയ്ക്ക് നീങ്ങുമെന്നും സമതി നേതൃത്വം വ്യക്തമാക്കി.
അതേസമയം ബഫര്‍ സോണില്‍ ആശങ്ക വേണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. സുപ്രീംകോടതിയിലെ ഹര്‍ജിയിലും കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയിലും പ്രതീക്ഷയുണ്ടെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ബഫര്‍ സോണ്‍ പ്രശ്നം സംസ്ഥാന സര്‍ക്കാര്‍ കാര്യമായി എടുക്കുന്നില്ലെന്ന് പ്രചരിപ്പിക്കുന്നവര്‍ പ്രശ്നം പരിഹരിക്കാനുള്ള വഴി കൂടി വ്യക്തമാക്കിയാല്‍ സ്വാഗതം ചെയ്യുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വനവികസന കോര്‍പ്പറേഷന്‍ ചെയര്‍പേര്‍ഴ്സന്‍ ലതികാ സുഭാഷിന് നോട്ടീസ് നല്‍കിയ നടപടി ഒഴിവാക്കാമായിരുന്നുവെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വനവികസന കോര്‍പ്പറേഷന്‍ എംഡി പ്രകൃതി ശ്രീവാസ്തവയുടെ സ്ഥലംമാറ്റത്തില്‍ അസ്വാഭാവികത ഇല്ലെന്നും തര്‍ക്കങ്ങള്‍ അല്ല പ്രകൃതി ശ്രീവാസ്തവയുടെ സ്ഥലംമാറ്റത്തിന് കാരണമെന്നും അത് സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി പറഞ്ഞു.