2021ൽ രാജ്യത്ത് പിടികൂടിയത് 40,000 കോടിയുടെ ഹെറോയിന്‍; സംസ്ഥാനങ്ങളുടെ ബജറ്റിനെക്കാള്‍ കൂടുതൽ
രാജ്യത്ത് കഴിഞ്ഞ വര്‍ഷം മാത്രം 40,000 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ത്യയിലെ
വിവിധ സ്ഥലങ്ങളിൽ നിന്നായി ആകെ 5651.68 കിലോഗ്രാം ഹെറോയിനാണ് കഴിഞ്ഞ വർഷം പിടിച്ചെടുത്തതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. തൊട്ടുമുൻപുള്ള വർഷത്തെ അപേക്ഷിച്ച് ഏകദേശം 72 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നടന്ന ഹെറോയിന്‍ വേട്ടയാണ് ഇതിൽ ഏറ്റവും വലുത്. ഏകദേശം മൂവായിരം കിലോ ഹെറോയിനാണ് മുന്ദ്ര തുറമുഖത്തുനിന്ന് മാത്രം പിടിച്ചെടുത്തത്.രാജ്യത്തെ വിവിധ ഏജന്‍സികളെല്ലാം ചേര്‍ന്നാണ് ആകെ 40,000 കോടി രൂപയുടെ ഹെറോയിൻ കഴിഞ്ഞ വര്‍ഷം പിടികൂടിയത്. ഈ തുക ഇന്ത്യയിലെ ചില സംസ്ഥാനങ്ങളുടെ വാര്‍ഷിക ബജറ്റിനെക്കാള്‍ കൂടുതലാണെന്നാണ് റിപ്പോർട്ട്.2020-ൽ, ഗുജറാത്തിൽ നിന്നു മാത്രം വിവിധ ഏജൻസികൾ ഏകദേശം 3,265.14 കിലോഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. 2021-ൽ ഗുജറാത്തിൽ നിന്ന് പിടിച്ചത് 3,555.17 കിലോഗ്രാമാണ്. ഗുജറാത്ത് കഴിഞ്ഞാൽ, പഞ്ചാബിൽ നിന്നാണ് (819.18 കി.ഗ്രാം) പോയ വർഷം ഏറ്റവും കൂടുതൽ ഹെറോയിൻ പിടിച്ചെടുത്തത്. മേഘാലയ (501.99 കി.ഗ്രാം) ആണ് പട്ടികയിൽ മൂന്നാമത്.2021-ൽ, മുന്ദ്ര തുറമുഖത്തു നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് 2,988.22 കിലോഗ്രാം ഹെറോയിൻ കയറ്റിയ രണ്ട് കണ്ടെയ്നറുകൾ പിടിച്ചെടുക്കുകയും രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഈ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. കഴിഞ്ഞ വർഷം ജൂണിൽ മുന്ദ്ര തുറമുഖത്ത് സമാനമായ ഒരു ചരക്ക് കാണാതായതായി സംശയിക്കുന്നുണ്ടെന്നും എൻഐഎ അറിയിച്ചിരുന്നു.
മയക്കുമരുന്ന് കടത്ത് തടയാൻ കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, കേന്ദ്ര, സംസ്ഥാന നിയമ നിർവ്വഹണ ഏജൻസികൾ എന്നിവർ തമ്മിലുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായ രീതിയിൽ ഏകോപിപ്പിക്കാൻ 2016ൽ സർക്കാർ നാർക്കോ കോർഡിനേഷൻ സെന്റർ (NCORD) രൂപീകരിച്ചിരുന്നു. മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി മ്യാൻമർ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ഡയറക്ടർ ജനറൽ തലത്തിലുള്ള ചർച്ചകൾ നടന്നുവരികയാണെന്നും കേന്ദ്രം അറിയിച്ചു. ”മയക്കുമരുന്നുകളുടെയും മറ്റു ലഹരി പദാര്‍ത്ഥങ്ങളുടെയും അനധികൃത കടത്ത് തടയുന്നതിന് വിവിധ രാജ്യങ്ങളുമായി ഇന്ത്യ 26 ഉഭയകക്ഷി കരാറുകളും 15 ധാരണാപത്രങ്ങളും സുരക്ഷാ സഹകരണത്തിനുള്ള 2 കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്”, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.