കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം വർധിക്കുന്നു; കൂടുതൽ പോക്സോ കേസുകൾ തിരുവനന്തപുരത്ത്
തിരുവനന്തപുരം: പോക്സോ നിയമപ്രകാരം സംസ്ഥാനത്ത് അഞ്ചുമാസത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർചെയ്തത് തിരുവനന്തപുരം ജില്ലയിൽ. പോക്സോപ്രകാരം ഇക്കാലയളവിൽ സംസ്ഥാനത്താകെ 1777 കേസുകൾ രജിസ്റ്റർചെയ്തപ്പോൾ തിരുവനന്തപുരത്തു മാത്രം 228 കേസുകളുണ്ട്. ഈ വർഷം ജനുവരിമുതൽ മേയ്വരെയുള്ള കണക്കുകളാണ് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ടത്.കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത കേസുകളുടെ പകുതിയിലേറെയാണ് ഈ അഞ്ചുമാസങ്ങൾക്കിടയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.
നഗരപ്രദേശത്ത് 72 കേസുകളും ഗ്രാമപ്രദേശങ്ങളിൽ 156 കേസുകളുമാണ് രജിസ്റ്റർചെയ്തത്.2021-ൽ 3559 കേസുകളും 2020-ൽ 3056 കേസുകളും 2019-ൽ 3640 കേസുകളുമാണ് സംസ്ഥാനത്ത് പോക്സോപ്രകാരം രജിസ്റ്റർ ചെയ്തത്. കുട്ടികൾക്കെതിരെയുള്ള 2144 അതിക്രമസംഭവങ്ങളിലും കേസ് രജിസ്റ്റർചെയ്തു. ഇതിൽ മൂന്നെണ്ണം ശൈശവവിവാഹമാണ്.സ്ത്രീകൾക്കെതിരായ 7983 കേസുകളും രജിസ്റ്റർ ചെയ്തു. ഭർത്താവോ ഭർത്തൃബന്ധുക്കളോ ഉപദ്രവിച്ചതായുള്ള 2236 പരാതികളിലും കേസെടുത്തു. നാല് സ്ത്രീധനമരണങ്ങളും ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തു. 982 ബലാത്സംഗങ്ങളും 97 തട്ടിക്കൊണ്ടുപോകലും അപമര്യാദയായി പെരുമാറിയതിന് 264 കേസുകളും റിപ്പോർട്ടുചെയ്തു.
ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ ( 2022 ജനുവരി മുതൽ മേയ് വരെയുള്ള കണക്കുകൾ)….
തിരുവനന്തപുരം 228
കൊല്ലം 158
പത്തനംതിട്ട 84
ആലപ്പുഴ 91
കോട്ടയം 86
ഇടുക്കി 110
എറണാകുളം 167
തൃശ്ശൂർ 141
പാലക്കാട് 124
മലപ്പുറം 186
കോഴിക്കോട് 170
വയനാട് 67
കണ്ണൂർ 72
കാസർകോട് 93