റോഡരികില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ പശു ചത്തു
തൊടുപുഴ: റോഡരികില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ പശു ചത്തു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
നഗരസഭ അഞ്ചാം വാര്‍ഡ് കൈതക്കോട് ഭാഗത്ത് വാടകക്ക് താമസിക്കുന്ന ഷീജ ബിജോയിയുടെ അഞ്ച് വയസ്സുള്ള കറവപ്പശുവാണ് ഷോക്കേറ്റ് ചത്തത്. പുല്ല് തിന്നാന്‍ വീടിന് അല്പം അകലെയുള്ള സ്ഥലത്ത് കെട്ടിയ പശുവിനെ ഉച്ചക്ക് ഒന്നരയോടെ കറവക്കായി തിരികെ തൊഴുത്തിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്.
ഇവരുടെ അയല്‍വാസിയുടെ വീടിന് മുന്നിലുള്ള റോഡിലാണ് വൈദ്യുതി ലൈന്‍ പൊട്ടിവീണത്. വൈദ്യുതിബന്ധം നിലച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ വീട്ടുടമസ്ഥന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യം ധരിപ്പിച്ചിരുന്നതായി പറയുന്നു. ഇതേ സമയത്ത് പശുക്കളുമായി ഷീജയുടെ പിതാവും അവിടേക്കെത്തി.
ഏറ്റവും മുന്നിലായി പോയ പശു ലൈന്‍ കമ്ബിയില്‍ തട്ടി പിടഞ്ഞ് വീഴുകയായിരുന്നു. മിനിറ്റുകള്‍ക്കകം പശു ചത്തു. ലൈന്‍ പൊട്ടി വീണ വിവരം അറിഞ്ഞിട്ടും വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് പരാതിയുണ്ട്.
അപകട ശേഷം സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി അധികൃതര്‍ക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധം ഉയര്‍ത്തി. പിന്നീട് മൃഗസംരക്ഷണ ഓഫിസിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വെറ്ററിനറി സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമാണ് പശുവിന്റെ ജഡം മറവ് ചെയ്തത്.