ജില്ലയില് വിവിധയിടങ്ങളില് രണ്ട് ദിവസമായി പെയ്യുന്ന മഴയില് നാശനഷ്ടം തുടരുന്നു
ജില്ലയില് വിവിധയിടങ്ങളില് രണ്ട് ദിവസമായി പെയ്യുന്ന മഴയില് നാശനഷ്ടം തുടരുന്നു.
തിങ്കളാഴ്ച മഴയെത്തുടര്ന്നുണ്ടായ മണ്ണിടിച്ചിലില് രണ്ടു പേര് മരിച്ചു. ഏലപ്പാറക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റില് ലയത്തിലേക്ക് മണ്ണിടിഞ്ഞ് രാജുവിന്റെ ഭാര്യ പുഷ്പയെന്ന ഭാഗ്യവും അടിമാലി ആനച്ചാലില് മുതുവാന്കുടിയില് മണ്ണിടിഞ്ഞ് നിര്മാണ ജോലിയിലേര്പ്പെട്ടിരുന്ന പൗലോസുമാണ് മരിച്ചത്.
ദേവിയാര് പുഴയില് ചൂണ്ടയിടാന് ഇറങ്ങി ഞായറാഴ്ച കാണാതായ യുവാവിനായി തിരച്ചില് തിങ്കളാഴ്ചയും തുടരുകയാണ്. ഒഴുവത്തടം ഞണ്ടാല കളത്തിപ്പറമ്ബില് അഖിലിനെയാണ് (22) കാണാതായത്. നാട്ടുകാരും പൊലീസും ഫയര്ഫോഴ്സും ചേര്ന്ന് തിരച്ചില് തുടരുകയാണ്.
പലയിടത്തും മണ്ണിടിഞ്ഞും മരം മറിഞ്ഞ് വീണും നാശനഷ്ടങ്ങളുണ്ട്. ജില്ലയില് രണ്ട് വീട് പൂര്ണമായും മൂന്ന് വീട് ഭാഗികമായും തകര്ന്നതാണ് ലഭിക്കുന്ന ഔദ്യോഗിക വിവരം. അങ്ങിങ്ങ് കൃഷിനാശവും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ലൈനിന് മുകളില് മരം വീണും മറ്റും പലയിടങ്ങളില് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
തൊടുപുഴ ഉള്പ്പെടെ പലയിടങ്ങളിലും തിങ്കളാഴ്ച ഉച്ചവരെ മഴ മാറിനിന്നെങ്കിലും ഉച്ചയോടെ മഴ കനത്തു. ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും ഇടവിട്ട് മഴ തുടരുകയാണ്. പല പ്രദേശങ്ങളിലും മണ്ണിടിച്ചില് ഭീഷണി നിലനില്ക്കുന്നുണ്ട്. കനത്ത മഴയെത്തുടര്ന്ന്, നദികളിലും മറ്റും നീരൊഴുക്ക് വര്ധിച്ചു.
ഡാമുകളിലെ ജലനിരപ്പും ഉയരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടിയിലേറെ ഉയര്ന്ന് 2344.04 അടിയായി. കലക്ടറേറ്റിലും എല്ലാ താലൂക്ക് ഓഫിസുകളിലും 24 മണിക്കൂറും കണ്ട്രോള് റൂമുകള് പ്രവര്ത്തിക്കുന്നുണ്ട്. യാത്രയിലുള്പ്പെടെ, പൊതുജനങ്ങള് ജാഗ്രത പുലര്ത്തണമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില് ഒരുകാരണവശാലും ജനങ്ങള് നദികള് മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന് പിടിക്കാനോ മറ്റ് ആവശ്യങ്ങള്ക്കോ ഇറങ്ങനോ പാടില്ലെന്ന് കലക്ടര് നിര്ദേശം നല്കി.
അടിമാലി: ദേശീയപാതയില് മണ്ണ് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി- ധനുഷ്കോടി ദേശീയപാതയില് കല്ലാറിലാണ് സംഭവം. തിങ്കളാഴ്ച പുലര്ച്ചയാണ് മണ്ണിടിഞ്ഞത്. മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കൂറ്റന് പാറയും മണ്ണിനൊപ്പം റോഡില് പതിച്ചു.
വാളറ ആറാം മൈലില് ഞായറാഴ്ച രാത്രി ഒമ്ബതിന് വീണ കൂറ്റന് മരം രാത്രി 12ഓടെയാണ് നീക്കിയത്. സഞ്ചാരികളും യാത്രക്കാരുമടക്കമുള്ളവര് ഇതോടെ ദുരിതത്തിലായി. ഇതിനിടെ ചൂണ്ടയിടാന് പോയ യുവാവിനെ ദേവിയാര് പുഴയില് കാണാതായത് ഫയര്ഫോഴ്സിനും പൊലീസിനും വിശ്രമം ഇല്ലാത്ത ജോലിയായി. വാളറ മേഖലയില് ഞായറാഴ്ച രാത്രിയോടെ നിലച്ച വൈദ്യുതി തിങ്കളാഴ്ച ഉച്ചയോടെ ഭാഗീകമായിട്ടാണ് പുനഃസ്ഥാപിച്ചത്.