വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും.
സിബിഐ അന്വേഷണത്തില്‍ അവിശ്വാസം രേഖപ്പെടുത്തി പിതാവ് ഉണ്ണിയാണ് കോടതിയെ സമീപിച്ചത്. കേസില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം സിജെഎം കോടതി ഉച്ചക്ക് 2 മണിക്ക് കേസ് പരിഗണിക്കും.
ബാലഭാസ്കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം നല്കിയ ഹര്‍ജിയിലാണ് ഇന്ന് കോടതിവിധി പറയുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ചത്. കുടുംബം കൈമാറിയ തെളിവുകളില്‍ പലതും അന്വേഷണസംഘം പരിശോധിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം.
ബാലഭാസ്കറിന്റെ മരണത്തില്‍ പൊലീസും ക്രൈംബ്രാഞ്ചും നല്കിയ സമാന റിപ്പോര്‍ട്ടാണ് സിബിഐയും കോടതിയില്‍ സമര്‍പ്പിച്ചത്. ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ഇല്ലെന്നും വെറും അപകട മരണം മാത്രമായിരുന്നു എന്നുമാണ് സിബിഐ കണ്ടെത്തല്‍. സ്വര്‍ണ്ണക്കടത്ത് സംഘത്തിന് ബാലഭാസ്ക്കറിന്റെ മരണത്തില്‍ പങ്കുണ്ടെന്നാണ് കുടുംബം സംശയിക്കുന്നത്. ബാലഭാസ്കറിന്റെ സഹായികളായ വിഷ്ണു സോമസുന്ദരം, പ്രകാശന് തമ്ബി എന്നിവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായതോടെയാണ് കുടുംബത്തിന്റെ സംശയം ബലപ്പെട്ടത്.
ബാലഭാസ്കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സ്വപ്ന സുരേഷിന്റെ സഹായി സരിത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന സാക്ഷി മൊഴിയും ദുരൂഹത വര്‍ദ്ധിപ്പിച്ചു. സിബിഐ എല്ലാം പരിശോധിച്ചെങ്കിലും തെളിവില്ലെന്ന് കൈമലര്‍ത്തിയാണ് അന്വേഷണം അവസാനിപ്പിച്ചത്. തുടര്‍ന്നാണ് നീതി തേടി പിതാവ് ഉണ്ണിയും കലാഭവന്‍ സോബിയും കോടതിയെ സമീപിച്ചത്. 2015 സെപ്റ്റംബര്‍ 25ന് പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറിന്റെ മരണം. ആദ്യം മംഗലപുരം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിബിഐയ്ക്ക് കൈമാറിയത്.