എന്താണ് തക്കാളിപനി? അറിഞ്ഞിരിക്കുക
തക്കാളിപ്പനി അഥവാ എച്ച്എഫ്എംഡി ഹാൻഡ് ഫൂട് മൗത്ത് ഡിസീസ് (എച്ച്‌എഫ്‌എംഡി) എന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. കാലാവസ്‌ഥയിലുണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്കു കാരണമാണ്. തക്കാളിപ്പനി വന്നാൽ കുട്ടികളുടെ കൈകാലുകളിലും വായ്‌ക്കകത്തും ചെറുകുമിളകൾ പ്രത്യക്ഷപ്പെടും.വായിലെ തൊലി പോവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന രോഗം തനിയെ മാറാറുണ്ടെങ്കിലും ഹൃദയവാൽവുകളിലെ തകരാറ്, അപസ്മാരം, വൃക്കരോഗങ്ങൾ എന്നിവ ഉണ്ടായിട്ടുള്ള കുട്ടികളെ തക്കാളിപ്പനി സാരമായി ബാധിച്ചേക്കാം.
രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടണം.തക്കാളിപ്പനി കൂടുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് വൈറൽ പനികളെ പോലെ തക്കാളിപ്പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. ചുവന്ന തടിപ്പുകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. ശുചിത്വം പാലിക്കണം. തക്കാളി പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വിശ്രമം ആവശ്യമാണ്.