മുണ്ടിയെരുമയില്‍ സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷം
നെടുങ്കണ്ടം: മുണ്ടിയെരുമയില്‍ സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷം. നിരവധി പേര്‍ക്ക് മര്‍ദ്ധനമേറ്റു. സംഘര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറി. വൈകുന്നേരം ആറോടെയാണ് സംഭവം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാമ്പാടുംപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുണ്ടിയെരുമയില്‍ നടത്തിയ പ്രകടനത്തിനുനേരെ ഡി.വൈ.എഫ്.ഐ – സി.പി.എം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
സി.പി.എമ്മിന്റെ ഓഫീസില്‍ നിന്നും കമ്പിവടി ഉള്‍പ്പടെയുള്ള മാരകായുധങ്ങളുമായി പ്രകടനത്തിനുനേരെ പാഞ്ഞടുക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആക്രമണം നടന്നത്. ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ ഇത് തടയാനെത്തിയ പൊലീസിന്റെ യൂണിഫോം വലിച്ചുകീറുകയായിരുന്നു. ഇരുവിഭാഗങ്ങളെയും പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടര്‍ന്നു. കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനത്തിന് ശേഷം സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടന്നു. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.