ഇഞ്ചിക്കാടിന് സമീപം റോഡിൽ മൃതദേഹം കണ്ടെത്തിയ സംഭവം; മദ്യലഹരിയിൽ റോഡിലേക്ക് വീണതോ ചാടിയതോ എന്ന് സംശയിക്കുന്നതായി പൊലീസ്
ഇടുക്കി: ഇടുക്കിയിലെ വണ്ടിപ്പെരിയാർ ഇഞ്ചിക്കാടിന് സമീപം റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അപകടമരണമെന്ന് പ്രാഥമിക നിഗമനം. വാളാഡി സ്വദേശി രമേശാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന രമേശ് വാഹനത്തിൽ നിന്നും തെറിച്ചു വീണതോ ചാടിയതോ ആകാമെന്ന് വണ്ടിപ്പെരിയാർ പോലീസ്.
പുലർച്ചെ നാല് മണിയോടെയാണ് വണ്ടിപ്പെരിയാർ – വള്ളക്കടവ് റൂട്ടിൽ ഇഞ്ചിക്കാടിന് സമീപം രമേശിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പുലർച്ചെ ഇതുവഴി എത്തിയ പാൽ വാഹനത്തിലെ ഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാൾ വണ്ടിപ്പെരിയാർ പൊലീസിൽ വിവരമറിയിച്ചു. പോലീസ് അറിയിച്ചതമുസരിച്ച് ബന്ധുക്കളെത്തി മരിച്ചത് രമേശാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ തങ്കമല സ്വദേശി ആറുമുഖത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. രമേശിൻറെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് നൂറു മീറ്റർ അകലെ ഓട്ടോറിക്ഷയിൽ കിടന്നുറങ്ങുകയായിരുന്നു ആറുമുഖം. ഞാറാഴ്ച രാത്രി മദ്യപിച്ചെത്തിയ രമേശ് സ്വന്തം വീട്ടിലും ഭാര്യവീട്ടിലും വഴക്കുണ്ടാക്കിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനു ശേഷം ആറുമുഖത്തിൻറെ ഓട്ടയിലാണ് വീട്ടിൽ നിന്നും പോയത്. രണ്ടുപേരും വീണ്ടും മദ്യപിച്ചതായി ആറുമുഖം പോലീസിനോട് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
ഇൻക്വസ്റ്റിൽ മൃതദേഹത്തിൽ വാഹനത്തിൽ നിന്നും തെറിച്ചു വീണതിൻറെ പരുക്കകളാണുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാൽ ഓട്ടോറിക്ഷയിൽ നിന്നും ചാടിയതോ തെറിച്ച് വീണതോ ആവാമെന്നാണ് പോലീസിന്റെ സംശയം. നടന്നു പോകുമ്പോൾ ഏതെങ്കിലും വാഹനം ഇടിച്ചു വീഴ്ത്തിയതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. തലക്ക് പരുക്കേറ്റ് ഏറെ നേരം റോഡിൽ കിടന്നതിനാൽ രക്തം വാർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വണ്ടിപ്പെരിയാർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രമേശിൻറെ സുഹൃത്തുളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു വരികയാണ്.