വിമാനത്തിനുള്ളിലെ പ്രതിഷേധം; ഇൻഡിഗോ എയർലൈൻസിന്റെ കത്ത്


തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത് മുഖ്യമന്ത്രിക്കെതിരെയെന്ന് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്ന സമയത്താണ് പ്രതിഷേധം നടന്നതെന്ന് ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കി. എയർലൈൻ പോലീസിനു നൽകിയ കത്തിൽ അത്തരത്തിൽ പറയുന്നു. മുദ്രാവാക്യം വിളികളും മോശം വാക്കുകളുമായാണ് മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞെത്തിയതെന്ന് കത്തിൽ വിശദീകരിക്കുന്നു. എന്നാൽ കത്തിൽ ഇ പി ജയരാജന്റെ പേര് പരാമർശിച്ചിട്ടില്ല.
അതേസമയം വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിലെ പ്രതികൾ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകും. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിക്കുക. കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയതിനാൽ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിലെ ഒന്നാം പ്രതി റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിക്കെതിരായ വിമാന സമരക്കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ എയർലൈനിൽ നിന്ന് വിമാനത്തിലെ എല്ലാ യാത്രക്കാരുടെയും വിശദാംശങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. കേസിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരുന്ന തരത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നിർദേശം നൽകി. കേസിൽ ഒളിവിൽ കഴിയുന്ന മൂന്നാം പ്രതി സുനിത് നാരായണനുവേണ്ടി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.