ഇടുക്കി മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ – പ്രവര്‍ത്തന പുരോഗതി ; അവലോകന യോഗം ചേര്‍ന്നു
ഇടുക്കി: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ – പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി നല്‍കണമെന്ന് കിറ്റ്‌കോ പ്രതിനിധികളോട് യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും ജീവനക്കാരുടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും തീരുമാനങ്ങള്‍ കൈക്കൊണ്ടു.
നിര്‍മാണ ഏജന്‍സിയായ കിറ്റ്കോയ്ക്ക് മെഡിക്കല്‍ കോളേജ് പണിയുന്നതിനുള്ള ഫണ്ട് സര്‍ക്കാര്‍ കൈമാറിയിട്ടുള്ളതാണെന്നും ഇത് സമയ ബന്ധിതമായി പൂര്‍ത്തിയാക്കി നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സര്‍ക്കാരുമായി ആലോചിച്ചു കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി ജൂണ്‍ അവസാനം സംസ്ഥാനത്തലത്തില്‍ യോഗം ചേരും. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍, എച്ച് എം സി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
അക്കാദമിക് ബ്ലോക്ക്, ഹോസ്പിറ്റല്‍ ബ്ലോക്ക് 1 & 2, ലാബുകള്‍, വിവിധ വകുപ്പുകള്‍, മ്യൂസിയം, ജീവനക്കാരുടെ ലഭ്യത, ഒപിയുടെ പ്രവര്‍ത്തനം, അത്യാഹിത വിഭാഗം, തുടങ്ങിയവ യോഗത്തില്‍ വിലയിരുത്തി. പഴയ കെട്ടിടങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. ആഴ്ചയിലൊരിക്കല്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രത്യേക കമ്മറ്റിയും യോഗത്തില്‍ രൂപീകരിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് വര്‍ഗീസ് , എച്ച്.എം.സി അംഗം ഷിജോ തടത്തില്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷീലാ. ബി, കിറ്റ്കോ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.