പ്രതിപക്ഷ സമരം, സര്‍ക്കാര്‍ നേരിടുന്ന രീതി ഗവര്‍ണര്‍ നിരീക്ഷിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷ പ്രതിഷേധങ്ങളെ സർക്കാർ കൈകാര്യം ചെയ്യുന്ന രീതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരീക്ഷിക്കുന്നു. രഹസ്യാന്വേഷണ വീഴ്ചയുണ്ടായെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. കോൺഗ്രസും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടുമ്പോൾ പൊലീസ് കാഴ്ചക്കാരായി മാറിനിൽക്കുന്നതായും പരാതിയുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം ഡിജിപിയോട് നേരിട്ട് വിശദീകരണം തേടാനാണ് ഗവർണർ ആലോചിക്കുന്നതെന്നാണ് വിവരം.
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളും സർക്കാർ അതിനെ കൈകാര്യം ചെയ്യുന്ന രീതിയും ഏറെ ഗൗരവത്തോടെയാണ് രാജ്ഭവൻ കാണുന്നത്. ഇന്നലെ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഒറ്റപ്പെട്ട സംഭവമായിട്ടാണ് രാജ്ഭവൻ ഇതിനെ കാണുന്നത്.
എന്നാൽ, ഇക്കാര്യത്തിൽ വലിയ രഹസ്യാന്വേഷണ വീഴ്ചയുണ്ടായെന്നാണ് ഗവർണറുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടന്നേക്കാവുന്ന പ്രതിഷേധങ്ങളും സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയും രാജ്ഭവൻ നിരീക്ഷിക്കും. ഇക്കാര്യം വിലയിരുത്തിയ ശേഷം അടുത്ത ദിവസം വിശദീകരണം തേടുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.