തെരുവിലിറങ്ങി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍; കെപിസിസി ഓഫീസിനുനേരെ കല്ലേറ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവത്തെ തുടർന്ന് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറുന്നു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായി. ഓഫീസ് വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിന് കേടുപാടുകൾ വരുത്തുകയും ഫ്ലെക്സുകൾ തകർക്കുകയും ചെയ്തു.
സി.പി.എം പ്രവർത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് കോൺഗ്രസ് പറഞ്ഞു. തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെ കോൺഗ്രസുകാർ സ്ഥാപിച്ച ഫ്ലെക്സുകൾ പ്രവർത്തകർ നശിപ്പിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി.
കോൺഗ്രസ് അതിരുകടന്ന കളിയാണ് കളിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി ഷിജുഖാൻ പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചവർ ജാഗ്രത പാലിക്കണം. വിഡി സതീശനും കെ സുധാകരനും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ബുദ്ധിമുട്ടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡി.വൈ.എഫ്.ഐ തുമ്മിയാൽ യൂത്ത് കോൺഗ്രസ് ഒഴുകിപ്പോകുമെന്നും സതീശന് സ്വതന്ത്രമായി നിയമസഭയിൽ പ്രവേശിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മേയറും പ്രതിഷേധത്തിൽ പങ്കെടുത്തു.