പരിസ്ഥിതി ലോല പ്രദേശം വേണം;സുപ്രീം കോടതി :ആശങ്കയിൽ കുമളി
കുമളി: വനഭൂമിക്ക് പുറത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല പ്രദേശം വേണമെന്ന സുപ്രീം കോടതി ഉത്തരവെത്തിയതോടെ ഹൈറേഞ്ചിലെ പ്രമുഖ പട്ടണമായ കുമളിയുടെ സ്ഥിതി ആശങ്കാജനകമായി.
കടുവ സങ്കേതവും അതിനു നടുവിലുള്ള തേക്കടി തടാകവും വിവിധ ഇക്കോ ടൂറിസം പരിപാടികളാല്‍ നിറഞ്ഞപ്പോള്‍ തേക്കടി തേടിയെത്തിയ സഞ്ചാരികളാല്‍ വലിയനേട്ടം ഉണ്ടാക്കിയ പട്ടണമാണ് കുമളി. എന്നാല്‍, ഇതേ കടുവസങ്കേതം തന്നെ വികസനത്തിന് തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ നാട്ടുകാര്‍.
പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഈസ്റ്റ്, വെസ്റ്റ് ഡിവിഷനുകളിലായി 925 ചതുരശ്ര കിലോമീറ്ററാണ് വനഭൂമി ഉള്ളത്. കുമളിക്ക് പുറമേ വണ്ടിപ്പെരിയാര്‍, പീരുമേട് ഉള്‍പ്പെടെ ഹൈറേഞ്ചിലെ പല പഞ്ചായത്തുകളും സുപ്രീംകോടതി വിധിയോടെ പ്രതിസന്ധിയിലായിട്ടുണ്ട്. വനഭൂമി നിലവില്‍ കോര്‍ ഏരിയ എന്നും ബഫര്‍ സോണ്‍ എന്നും തരംതിരിച്ചിട്ടുണ്ട്.
തേക്കടി ബോട്ട്ലാന്‍ഡിങ് ഉള്‍പ്പെടെ പ്രദേശം ബഫര്‍ സോണിലാണുള്ളത്. ഈ മേഖല കേന്ദ്രീകരിച്ചാണ് നിലവില്‍ വിവിധ ഇക്കോ ടൂറിസം പരിപാടികള്‍ നടക്കുന്നത്. കോടതി ഉത്തരവ് പ്രകാരം തേക്കടി ചെക് പോസ്റ്റിന് പുറത്തേക്ക് ഒരു കിലോമീറ്റര്‍ കൂടി പരിസ്ഥിതിലോല മേഖലയാക്കി നിശ്ചയിച്ചാല്‍ കുമളി ടൗണ്‍ പൂര്‍ണമായും ഇതിന്റെ പരിധിയില്‍ വരും. ടൗണിന് സമീപം റോസാപ്പൂക്കണ്ടം, താമരക്കണ്ടം എന്നീ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ ചെളിമട, സ്പ്രിങ് വാലി തുടങ്ങി കാര്‍ഷിക മേഖലകള്‍ എന്നിവയെല്ലാം പരിധിക്കുള്ളില്‍ വരുന്നത് ദൂരവ്യാപക പ്രതിസന്ധി സൃഷ്ടിക്കും. ഈ മേഖലകളില്‍ കെട്ടിടനിര്‍മാണം, അറ്റകുറ്റപ്പണികള്‍ എന്നിവക്കെല്ലാം പഞ്ചായത്തുകള്‍ക്കൊപ്പം വനം വകുപ്പിന്റെ അനുമതിയും ആവശ്യമായി വരും.
വിനോദ സഞ്ചാരികളുടെ വരവോടെ വളര്‍ന്ന തേക്കടി, കുമളി, മേഖലകളിലെ നൂറുകണക്കിന് സ്ഥാപനങ്ങള്‍, തൊഴില്‍ മേഖലകള്‍ വലിയ തിരിച്ചടി നേരിടുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
മുല്ലപ്പെരിയാര്‍ വെള്ളപ്പൊക്കത്തിന്റെ പേരില്‍ വര്‍ഷം തോറും വലിയ തിരിച്ചടികള്‍ നേരിടുന്ന തേക്കടിയിലെ ടൂറിസം മേഖലയ്ക്ക് സുപ്രീംകോടതി വിധി ഇരട്ടി ആഘാതമാണ് സൃഷ്ടിക്കുക. വനമേഖലയില്‍ നിന്നുള്ള ജീവികള്‍ കൃഷിയിടങ്ങളിലിറങ്ങി വിളകള്‍ നശിപ്പിക്കുന്നത് പതിവായ ഹൈറേഞ്ചില്‍ ഇതിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ വനം വകുപ്പ് വിമുഖത കാണിക്കുന്നത് പതിവാണ്. പുതിയ വിധിയോടെ വനമേഖലയുടെ അതിര്‍ത്തികള്‍ അടയ്ക്കുന്ന ജോലികള്‍ മന്ദഗതിയിലാകും.
സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തെ സംസ്ഥാന സര്‍ക്കാര്‍ സമീപിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും കുമളി ഗ്രാമപഞ്ചായത്തും വിവിധ രാഷ്ടീയകക്ഷി നേതാക്കളും വ്യാപാരി-കര്‍ഷക സംഘടന ഭാരവാഹികളും ആവശ്യപ്പെട്ടിട്ടുണ്ട്.
വനമേഖലക്ക് പുറത്തെ പരിസ്ഥിതി ലോല പ്രദേശം എന്നത് നിലവിലുള്ള വനാതിര്‍ത്തിക്കുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്തി കൈയേറ്റങ്ങള്‍ ഉണ്ടെങ്കില്‍ ഒഴിപ്പിച്ച് സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.