മുല്ലപ്പെരിയാർ:സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ മേല്‍നോട്ട സമിതി നടപടി ആരംഭിച്ചു
മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ മേല്‍നോട്ട സമിതിയുടെ നടപടികള്‍ ആരംഭിച്ചു.
ഇരുസംസ്ഥാനങ്ങള്‍ക്കും ഇടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറീതലത്തില്‍ ചര്‍ച്ചകള്‍ നടത്തും. അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് കേരളം സഹകരിക്കണമെന്ന് മേല്‍നോട്ട സമിതിയില്‍ തമിഴ് നാട് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.മേല്‍നോട്ട സമിതിയെയാണ് അതിനായി കോടതി ചുമതലപ്പെടുത്തിയത്. സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ ഇന്നലെ ചേര്‍ന്ന മേല്‍നോട്ട സമിതി പരിശോധിച്ചു.
മേല്‍നോട്ട സമിതിയില്‍ കേരള-തമിഴ്നാട് സര്‍ക്കാരുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കേരളം നടപടിയെടുക്കണമന്നാണ് തമിഴ് നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
അണക്കെട്ടിലേക്കുള്ള അപ്രോച്ച് റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ക്കും കേരളം സഹകരിക്കണം എന്നും തമിഴ് നാട് ആവശ്യപ്പെട്ടു. ഇതിന് വനംവകുപ്പിന്‍റെ അനുമതി ആവശ്യമാണെന്ന് കേരളം മറുപടി നല്‍കി.അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച മേല്‍നോട്ട സമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ചിഫ് സെക്രട്ടറിമാര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അണക്കെട്ട് വിഷയത്തില്‍ കേരളത്തിനും തമിഴ്നാടിനും ഇടയിലുള്ള തര്‍ക്കങ്ങള്‍ കേരള-തമിഴ്നാട് ചീഫ് സെക്രട്ടറിതലത്തില്‍ ചര്‍ച്ച നടത്തി പരിഹരിക്കാനാണ് ഇന്നലെയുണ്ടായ ധാരണ.