ഇടുക്കി സംഭരണിയില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ ജലശേഖരം
ഇടുക്കി: പുതിയ ജലവര്‍ഷത്തില്‍ ഇടുക്കി സംഭരണിയില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ ജലശേഖരം.
മെയ് ആദ്യവാരം ജലനിരപ്പ് 36 ശതമാനമെത്തി. നിലവില്‍ 2341.8 അടി വെള്ളമാണ് ഇടുക്കിയിലുള്ളത്, സംഭരണ ശേഷിയുടെ 39 ശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 37.22 ശതമാനമായിരുന്നു. 2018ല്‍ 25, 2019ല്‍ 27, 2020ല്‍ 36 ശതമാനം ആയിരുന്നു. കഴിഞ്ഞ ജൂണില്‍ മഴ കുറഞ്ഞെങ്കിലും പിന്നീട് ശക്തമായി. തുലാമഴ കൂടി കനത്തത്തോടെ നാല് തവണയാണ് ഇടുക്കി സംഭരണി തുറന്നത്.
ജൂണ്‍ ഒന്നു മുതല്‍ മേയ് 31 വരെയാണ് മഴവര്‍ഷമായി കെഎസ്‌ഇബി കണക്കാക്കുന്നത്. മഴക്കാലത്തേക്ക് ഇടുക്കിയില്‍ 20 ശതമാനത്തില്‍ താഴെ വെള്ളമാണ് സംഭരിക്കാറുള്ളത്. 2018 മുതല്‍ ഇതില്‍ മാറ്റം വന്നു. പ്രതീക്ഷിക്കാതെ എത്തുന്ന മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
മഴക്കാലം ശക്തമാകുന്നതിന് മുമ്ബ് ഇടുക്കിയിലെ ജലനിരപ്പ് കുറച്ച് നിര്‍ത്താനുള്ള ശ്രമവും കെഎസ്‌ഇബി നടത്തുന്നുണ്ട്. വേനല്‍ക്കാലത്ത് മറ്റിടങ്ങളില്‍ ലഭിച്ച അത്രയും മഴ ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് ലഭിച്ചില്ലെന്ന് ഡാം സേഫ്റ്റി അധികൃതരും വ്യക്തമാക്കുന്നു. ഓരോ സമയത്തും ലഭിക്കുന്ന മഴയും ജലനിരപ്പും താരതമ്യം ചെയ്ത് കൃത്യമായ പ്ലാനിങ് നടത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് അധികൃതരുടെ പക്ഷം.