വിദ്വേഷ മുദ്രാവാക്യം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ തങ്ങൾ അറസ്റ്റിൽ


ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവും അറസ്റ്റിൽ. സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ പെരുമ്പിലാവിലെ വീട്ടിൽനിന്ന് ഞായറാഴ്ച പുലർച്ചെയാണ് പോലീസ് സംഘം യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ആലപ്പുഴയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പത്തുവയസ്സുകാരൻ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ ‘ജനമഹാസമ്മേളന’ത്തിന്റെ മുഖ്യസംഘാടകനായിരുന്നു യഹിയ തങ്ങൾ. ഈ സാഹചര്യത്തിലാണ് വിദ്വേഷ മുദ്രാവാക്യ കേസിൽ സംഘാടകനായ യഹിയ തങ്ങളെയും പ്രതിചേർത്തത്. ഇതിനുപുറമേ, കഴിഞ്ഞദിവസം പോപ്പുലർ ഫ്രണ്ട് നടത്തിയ എസ്.പി. ഓഫീസ് മാർച്ചിൽ ഹൈക്കോടതി ജഡ്ജി അടക്കമുള്ളവർക്കെതിരേ ഇയാൾ മോശം പരാമർശം നടത്തിയിരുന്നു. പി.സി. ജോർജിന് ജാമ്യം അനുവദിച്ച ജഡ്ജിക്കെതിരേയും വിവാദപരാമർശമുണ്ടായി. പുലർച്ചെ പോലീസ് സംഘം എത്തിയതറിഞ്ഞ് യഹിയ തങ്ങളുടെ വീടിന് മുന്നിൽ സമീപവാസികളും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും തടിച്ചുകൂടി. ഇവർ പോലീസ് വാഹനം തടയാനും ശ്രമിച്ചു. അതിനിടെ, വിദ്വേഷ മുദ്രാവാക്യ കേസിൽ നേരത്തെ അറസ്റ്റിലായ അഞ്ചുപേരെയും ഞായറാഴ്ച മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കും.വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അടക്കമുള്ളവരാണ് കഴിഞ്ഞദിവസങ്ങളിൽ അറസ്റ്റിലായത്.