മറയൂര്‍ കാന്തല്ലൂര്‍ പ്രദേശങ്ങളില്‍ മള്‍ബറി കാലം മടങ്ങിയെത്തുന്നു
മറയൂര്‍: അഞ്ചുനാട് മേഖലകളായ മറയൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളില്‍ മള്‍ബറി കാലം മടങ്ങിയെത്തുന്നു. മള്‍ബറിയുടെ വിപണനത്തിന് കൂടുതല്‍ സാധ്യതകള്‍ തെളിയുകയും ആവശ്യക്കാര്‍ കൂടുകയും ചെയ്ത സാഹചര്യത്തിലുമാണ് വീണ്ടും കൃഷിചെയ്യാന്‍ തുടങ്ങിയത്.
കുറഞ്ഞ ചെലവില്‍ ഏറെ ലാഭം നേടാവുന്ന കൃഷി എന്നതും മള്‍ബറിക്ക് അനുകൂല ഘടകമാണ്.
1980ല്‍ അഞ്ചുനാട് മേഖലയില്‍ മള്‍ബറി വ്യാപകമായി കൃഷി ചെയ്തിരുന്നു. എന്നാല്‍, വിപണന സാധ്യതകള്‍ കുറഞ്ഞതോടെ ഭൂരിഭാഗം പേരും കൃഷിയില്‍നിന്ന് പിന്തിരിഞ്ഞു. എന്നാല്‍, ഇപ്പോള്‍ മള്‍ബറിക്ക് വിപണിയില്‍ ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. ഈ മേഖലയില്‍ പട്ടുനൂല്‍പുഴു കൃഷിയും വ്യാപകമായി ചെയ്തുവരുന്നു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന പട്ടുനൂല്‍ തമിഴ്നാട്ടിലാണ് വിപണനം നടത്തുന്നത്. പട്ടുനൂല്‍ പുഴുവിെന്‍റ പ്രധാന ആഹാരം മള്‍ബറി ചെടിയുടെ ഇലയാണ്. ഏത് കാലാവസ്ഥയിലും വളരും എന്നതും സമതല പ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും ഒരുപോലെ കൃഷിചെയ്യാമെന്നതും മള്‍ബറിയുടെ സവിശേഷതകളാണ്.
കുരങ്ങ്, മയില്‍ തുടങ്ങിയ ജീവികള്‍ അഞ്ചുനാട് മേഖലയിലെ ഇതര കൃഷികള്‍ക്ക് ഭീഷണിയാകുമ്ബോള്‍ കുറഞ്ഞ മുതല്‍മുടക്കുകൊണ്ട് ചെയ്യാമെന്നത് മള്‍ബറി കൃഷിയിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കുന്നു. മൊറേസ്യ കുടുംബത്തിലെ അംഗമായ മള്‍ബറിയുടെ ജന്മദേശം ചൈനയാണ്. ഇന്ത്യയില്‍ മൈസൂരിലാണ് കൂടുതലായും കൃഷി ചെയ്യുന്നത്. 150ഓളം ഇനം മള്‍ബറി ഉണ്ടെങ്കിലും 10 മുതല്‍ 15 വരെ ഇനങ്ങള്‍ മാത്രമാണ് കൃഷിചെയ്യുന്നത്. മുറിച്ചെടുത്ത ആരോഗ്യമുള്ള മള്‍ബറി കമ്ബുകള്‍ കൂടകളില്‍ നിറച്ച പ്രത്യേക മിശ്രിതത്തില്‍ നടുകയാണ് ആദ്യംചെയ്യുന്നത്. വേരും തളിരിലകളും വരുന്നതോടെ മാറ്റിനടും. മറ്റു കൃഷികളെപോലെ വലിയ പരിചരണം മള്‍ബറിക്ക് ആവശ്യമില്ല.
മൂന്നുവര്‍ഷംകൊണ്ട് ഫലം കിട്ടിത്തുടങ്ങും. വിളഞ്ഞ മള്‍ബറി കായ്കള്‍ക്ക് ചുവപ്പുകലര്‍ന്ന കറുപ്പുനിറമാണ്. ജൈവ കീടനാശിനികൊണ്ട് നിയന്ത്രിക്കാവുന്ന ഇലചുരുട്ടിപ്പുഴുവിെന്‍റ ആക്രമണം ഒഴിച്ചാല്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ലാഭകരമായ കൃഷിയാണ് മള്‍ബറി.