സ്കൂൾ വിപണി സജീവം : കോവിഡിന് ശേഷമുള്ള ഇത്തവണത്തെ വിപണിയിൽ പ്രതീക്ഷയോടെ വ്യാപാരികള്‍
രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം സ്‌കൂള്‍ വിപണിയില്‍ ആളനക്കം. കോവിഡിന് ശേഷമുള്ള ഇത്തവണത്തെ വിപണിയെ പ്രതീക്ഷയോടെയാണ് വ്യാപാരികള്‍ നോക്കിക്കാണുന്നത്.
കഴിഞ്ഞ ആഴ്ചയോടെ വിപണികള്‍ ആരംഭിച്ചിരുന്നു. നിലവില്‍ നല്ല തിരക്കാണ് മിക്ക കടകളിലും അനുഭവപ്പെടുന്നത്. ഭൂരിഭാഗം കച്ചവടക്കാരും കൂടുതല്‍ സ്റ്റോക്കുകളാണ് കടകളില്‍ എത്തിച്ചിരിക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്ന ബാഗുകളാണ് വിപണിയിലെ താരം. കുടകള്‍ക്കും ബാഗിനും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 മുതല്‍ 15 ശതമാനം വരെ വിലവര്‍ധന ഉണ്ടായിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
350 മുതല്‍ 1600 രൂപ വരെയാണ് ബാഗുകള്‍ക്ക് വില. മഴക്കാലമായതിനാല്‍ റെയിന്‍ കോട്ടുകള്‍ക്കും ആവശ്യക്കാരുണ്ട്. 200 രൂപ മുതല്‍ കുട്ടികളുടെ റെയിന്‍കോട്ടുകള്‍ വിപണിയില്‍ ലഭ്യമാണ്. മറ്റ് മേഖലകളില്‍ ഉള്ളതിന് സമാനമായി സ്കൂള്‍ വിപണിയെയും വിലക്കയറ്റം സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ബാഗ്, കുട എന്നിവക്ക് പുറമേ നോട്ട്ബുക്ക്, ബോക്‌സ്, പൗച്ച്, പേന, പെന്‍സില്‍, ബ്രൗണ്‍ പേപ്പര്‍ എന്നിവയെല്ലാം മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ വില വര്‍ധിച്ചിട്ടുണ്ട്. നോട്ട്ബുക്കിന് 30 മുതല്‍ 70 വരെ വിലയുണ്ട്. പുസ്തകം പൊതിയുന്ന ബ്രൗണ്‍ പേപ്പര്‍ റോളിന് ശരാശരി 60-100 രൂപയാണ് വില. കഴിഞ്ഞതവണ 45 രൂപക്ക് വിറ്റ കോളജ് നോട്ടുബുക്കിന് ഇത്തവണ 50 രൂപയാണ് വില. മറ്റു ബുക്കുകളുടെ വിലയും സമാനമായി വര്‍ധിച്ചിട്ടുണ്ട്.
അതേസമയം വിപണിയില്‍ ഉണര്‍വുണ്ടെങ്കിലും തുടര്‍ച്ചയായി മഴ പെയ്യുന്നത് ചെറിയൊരു ആശങ്കക്കിടയാക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. എങ്കിലും അടുത്ത ആഴ്ചയോടെ വിപണി തിരക്കിലാകുമെന്നാണ് ഇവര്‍ കരുതുന്നത്.