നെറ്റ്സിൽ പരിശീലിക്കാൻ സഹോദരനും; ബാബർ അസമിന് വിമർശനം
ദേശീയ ടീമിനായി ഒരുക്കിയ സൗകര്യങ്ങൾ ഉപയോഗിച്ച് നെറ്റ്സിൽ പരിശീലനം നടത്താൻ ഇളയ സഹോദരന് അവസരം നൽകിയതിന് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ വിമർശനം. ലാഹോറിലെ ഹൈ പെർഫോമൻസ് സെൻററിൽ സഹോദരൻ സഫീറിനൊപ്പം പരിശീലനത്തിനായി ബാബർ അസം എത്തി. തൻറെ സഹോദരനെ ഇവിടെ പരിശീലിപ്പിക്കാനുള്ള അസമിൻറെ ഏർപ്പാട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻറെ (പിസിബി) നിയമങ്ങൾക്ക് വിരുദ്ധമാണ്. മുൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് അസമിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ബാബർ അസമിൻറെ മേൽനോട്ടത്തിൽ ഇവിടെ പ്രാക്ടീസ് ചെയ്യുന്നതിൻറെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് അസമിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. മുൻ ക്രിക്കറ്റ് താരം തന്വീർ അഹമ്മദ് ഉൾപ്പെടെയുള്ളവർ അസമിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷാനവാസ് ദഹാനിക്കെതിരെ നെറ്റ്സിൽ പരിശീലനം നടത്തുന്നതിൻറെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. ബാബർ അസം സമീമിത് സഫീറിൻറെ ബാറ്റിങ് കാണുന്നതും വീഡിയോയിൽ കാണാം.