ഹൈക്കോടതിയുടെ ചോദ്യം കുറിക്കുകൊണ്ടു; കെഎസ്ആർടിസി തീരുമാനമെടുത്തു, ബസുകൾ ആക്രിവിലയ്ക്ക് പൊളിച്ച് വിൽക്കും
തിരുവനന്തപുരം: ഹൈക്കോടതിയുടെ ചോദ്യത്തിന് പിന്നാലെ ബസുകൾ ആക്രി വിലയ്ക്ക് കൊടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്ത് കെ എസ് ആർ ടി സി മാനേജ്മെന്‍റ്. ജൻറം എ സി ബസുകൾ ആക്രി വിലയ്ക്ക് പൊളിച്ച് വിൽക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ് ജൻറം എ സി ലോ ഫ്ലോർ ബസുകൾ സ്ക്രാപ്പ് ചെയ്യുന്നത്. ഹൈക്കോടതി നിർദ്ദേശാനുസരണം ആണ് തീരുമാനമെന്ന് കെ എസ് ആർ ടി സി മാനേജ്മെന്‍റ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. തേവരയിൽ കഴിഞ്ഞ 2 വർഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളിൽ 10 എണ്ണമാണ് സ്ക്രാപ്പ് ചെയ്യുന്നത്.
കെഎസ്ആർടിസി എഞ്ചിനീയർമാരെ കൂടാതെ മോട്ടോര്‍ വാഹന വകുപ്പ്, തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ്, എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ സമിതി 28 ബസുകള്‍ പരിശോധിച്ചു. ആയതില്‍ അറ്റകുറ്റപണിക്ക് വര്‍ദ്ധിച്ച ചിലവ് വരുന്ന 10 ബസ്സുകള്‍ സ്ക്രാപ്പ് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ ബസ്സുകള്‍ 2018 മുതൽ -2020 കാലയളവിൽ ബ്രേക്ക് ഡൗൺ ആകുകയും, അന്ന് മുതൽ ഓടാതെ കിടക്കുന്നവയുമാണ്, ഈ ബസ്സുകള്‍ക്ക് കുറഞ്ഞത് 21ലക്ഷം രൂപ മുതൽ 45 ലക്ഷം രൂപയും ചിലവഴിച്ചാലെ നിരത്തിലിറക്കാനാകുകയുള്ളൂവെന്നും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഈ ഇനത്തില്‍ ആകെ മൂന്നരക്കോടി രൂപ ഈ 10 ബസ്സുകള്‍ നിരത്തിലിറക്കണമെങ്കില്‍ ചിലവഴിക്കേണ്ടതായിട്ടുണ്ട്.
ഇങ്ങനെ മൂന്നര കോടി ചിലവഴിച്ചാൽ തന്നെ നിലവിലെ ഡീസല്‍ വിലയിൽ കുറഞ്ഞ മൈലേജുള്ള ഈ ബസ്സുകള്‍ ലാഭകരമായി സര്‍വ്വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. കൂടാതെ ദീർഘ ദൂര സർവ്വീസിന് ഉപയോഗിക്കാന്‍ കഴിയുന്ന സീറ്റുകളല്ല ഈ ബസ്സുകള്‍ക്കുള്ളത്. ഇക്കാരണങ്ങളാലും ഫിറ്റ്നസ് സര്‍ഫിക്കറ്റ് ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള വര്‍ദ്ധിച്ച ചിലവും, 11 വര്‍ഷത്തിലധികം കാലപ്പഴക്കവും പരിഗണിച്ചാണ് സ്ക്രാപ്പ് ചെയ്യാൻ തീരുമാനിച്ചത്.