പലിശ ഭാരം കൂടും; പലിശ നിരക്ക് ഉയർത്തി എസ്ബിഐ; വർധനവ് ഒരു മാസത്തിനിടെ ഇത് രണ്ടാം തവണ
ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (SBI), മാര്‍ജിനല്‍ കോസ്‌റ്റ് ഓഫ് ലെന്‍ഡിങ് (എംസിഎല്‍ആര്‍) അടിസ്ഥാനപ്പെടുത്തിയുള്ള വായ്‌പകളുടെ പലിശ 0.1 ശതമാനം വര്‍ധിപ്പിച്ചു. ഈ നീക്കം ഭവനവായ്പയ്ക്കും വ്യക്തിഗത വായ്പക്കാര്‍ക്കും ഇഎംഐ വര്‍ധിപ്പിക്കും.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എംസിഎല്‍ആര്‍ വര്‍ധിപ്പിക്കുന്നത്. ഇതോടെ 0.2 ശതമാനം വര്‍ധനയുണ്ടായി.
ഈ മാസം ആദ്യം റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ റിപോ നിരക്ക് 0.40 ശതമാനം മുതല്‍ 4.40 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. എസ്‌ബിഐ വായ്പാ നിരക്ക് പുതുക്കിയതോടെ രാജ്യത്തെ മറ്റ് വാണിജ്യ ബാങ്കുകളും വായ്‌പാനിരക്ക് വരും ദിവസങ്ങളില്‍ ഉയര്‍ത്താനാണ് സാധ്യത. എംസിഎല്‍ആറില്‍ വായ്പ എടുത്തിട്ടുള്ള ഉപഭോക്താക്കളുടെ ഇഎംഐ വര്‍ധിക്കും. എന്നിരുന്നാലും, മറ്റുള്ളവയെ അധികരിച്ചുള്ള വായ്പകളുടെ ഇഎംഐ കൂടില്ല.
എസ്ബിഐയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം പുതുക്കിയ എംസിഎല്‍ആര്‍ നിരക്ക് മെയ് 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ പരിഷ്‌കരണത്തിന് ശേഷം, ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 7.10 ശതമാനത്തില്‍ നിന്ന് 7.20 ശതമാനമായി ഉയര്‍ന്നു. മൂന്ന് മാസത്തെ എംസിഎല്‍ആര്‍ 0.10 ശതമാനം ഉയര്‍ന്ന് 6.85 ശതമാനമായും ആറ് മാസത്തെ എംസിഎല്‍ആര്‍ 7.15 ശതമാനമായും കൂടി. ഭൂരിഭാഗം വായ്‌പകളുടേയും പലിശ ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ നിരക്കിലാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്.
എന്താണ് എംസിഎല്‍ആര്‍?
എംസിഎല്‍ആര്‍ എന്നത് കൊണ്ട് ഏതൊരു വായ്പയ്ക്കും നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ പലിശനിരക്ക് എന്നാണ് അര്‍ഥമാക്കുന്നത്.