തുടരന്വേഷണം :എംഡിഎംഎ കടത്തിയ കേസ്, രണ്ടുപേർകൂടി അറസ്റ്റിൽ


എംഡിഎംഎ കടത്തിയ കേസിന്റെ തുടർ അന്വേഷണത്തിൽ രണ്ടുപേർകൂടി വണ്ടൻമേട് പോലീസിന്റെ പിടിയിലായി. കോഴിക്കോട് പാലാഴി സ്വദേശികളായ സിതിൽ ബാബു, അശ്വിൻ ബാബു എന്നിവരെയാണ് എറണാകുളത്ത് നിന്നും പിടികൂടിയത്. ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന സൗമ്യ സുനിൽ പ്രതിയായ കേസിൽ എറണാകുളം സ്വദേശികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയ കേസിലാണ് അശ്വിൻ അറസ്റ്റിലായത്.
മുൻ ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ സുനിൽ പ്രതിയായ എംഡിഎംഎ കേസിൽ വണ്ടൻമേട് സി ഐ വി എസ് നവാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തി വരുന്ന തുടർ അന്വേഷണത്തിലാണ് കോഴിക്കോട് പാലാഴി സ്വദേശി അശ്വിൻ ബാബു എന്ന യുവാവ് പിടിയിലായത്. സൗമ്യക്ക് ഒപ്പം അറസ്റ്റിലായ എറണാകുളം സ്വദേശികൾക്ക് കോഴിക്കോട് നിന്നും എറണാകുളത്തേക്ക് എംഡിഎംഎ എത്തിച്ചു നൽകിയത് അശ്വിനാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ 26 നാണ് ബാംഗ്ലൂർ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ ഓൺലൈനായി വിൽപ്പന നടത്തിയിരുന്ന കോഴിക്കോട് ഒളവണ്ണ സ്വദേശി അർജുൻ ഹരിദാസ് പിടിയിലായത്. ഈ കേസിലെ തുടർ അന്വേഷണത്തിലാണ് പാലാഴി സ്വദേശി സിതിൽ ബാബു ഇന്നലെ പിടിയിലായത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.