മുഹമ്മദന്‍സിനെ തകര്‍ത്തു; ഗോകുലം കേരള തുടര്‍ച്ചയായ രണ്ടാം തവണ ഐ ലീഗ് ചാമ്പ്യന്മാര്‍; ചരിത്രം
കൊല്‍ക്കത്ത: നിര്‍ണായകമായ അവസാന മത്സരത്തില്‍ മുഹമ്മദന്‍സിനെ തകര്‍ത്ത് ഐ ലീഗ് ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി ഗോകുലം കേരള എഫ്.സി. മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഗോകുലത്തിന്റെ കിരീടനേട്ടം. ഐ ലീഗില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി ഗോകുലം കേരള എഫ്.സി. ദേശീയ ചാമ്പ്യന്‍ഷിപ്പ് ഐ ലീഗ് ആയി രൂപം മാറിയശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടവും ഇതോടെ ഗോകുലത്തിന് സ്വന്തമായി.
ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മുഴുവന്‍ ഗോളുകളും പിറന്നത്. 49-ാം മിനിറ്റില്‍ റിഷാദിലൂടെ ഗോകുലം മുന്നിലെത്തി. എന്നാല്‍ ഏഴ് മിനിറ്റിനകം മുഹമ്മദന്‍സിനായി മാര്‍ക്കസ് ജോസഫ് എടുത്ത ഫ്രീ കീക്ക് അസ്ഹറിന്റെ കാലില്‍ തട്ടി ഗോകുലത്തിന്റെ വലയില്‍ കയറി.
എന്നാല്‍ അഞ്ചുമിനിറ്റിനുള്ളില്‍ ഗോകുലം ഗോള്‍ മടക്കി. 61-ാം മിനിറ്റില്‍ ഒറ്റക്ക് മുന്നേറിയ എമില്‍ ബെന്നി തൊടുത്ത ഷോട്ട് മുഹമ്മദന്‍സിന്റെ വലകുലുക്കി. സമനില ഗോളിനായി മുഹമ്മദന്‍സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോകുലത്തിന്റെ പ്രതിരോധം കുലുങ്ങിയില്ല.18 മത്സരങ്ങളില്‍ 43 പോയിന്റുമായാണ് ഗോകുലം ജേതാക്കളായത്. 18 മത്സരങ്ങളില്‍ 37 പോയിന്റുള്ള മുഹമ്മദന്‍സ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
സമനില നേടിയാല്‍ പോലും ഗോകുലം കിരീടത്തിലെത്തുമായിരുന്നു. സീസണിലെ ആദ്യപാദത്തില്‍ ഇരുടീമുകളും 1-1 സമനില വഴങ്ങിയിരുന്നു.കഴിഞ്ഞ മത്സരത്തില്‍ ശ്രീനിധി എഫ് സിക്കെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതാണ് ഗോകുലത്തിന് കിരീടം ഉറപ്പിക്കാന്‍ മുഹമ്മദന്‍സിനെതിരായ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്നത്.