പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈ ഇന്ത്യൻസ്; എതിരാളികൾ ഡൽഹി ക്യാപിറ്റൽസ്


ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈ ഇന്ത്യൻസ് ഇന്ന് കളത്തിൽ. രാത്രി ഏഴരയ്ക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസാണ് എതിരാളികൾ. രണ്ട് ടീമുകൾക്കും രണ്ട് മത്സരങ്ങൾ ബാക്കി. 12 കളിയിൽ 14 പോയിന്റുള്ള മുംബൈക്ക് പക്ഷെ ഇന്ന് ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം.
13 പോയിന്റുള്ള ഡൽഹിക്കാക്കട്ടെ ഇനിയുള്ള രണ്ട് കളികളിൽ ജയിക്കുന്നതിനൊപ്പം മുംബൈ പഞ്ചാബിനോട് തോൽക്കുകയും വേണം. ടൂർണമെന്റിലെ ഇരുടീമുളുടെയും പ്രകടനം വിപരീത ദിശകളിലാണ്. മോശം തുടക്കത്തിന് ശേഷം മുംബൈ കത്തിക്കയറിയപ്പോൾ സ്വപ്നതുല്യമായ തുടക്കം കളഞ്ഞുകുളിച്ചു ഡൽഹി. അവസാന നാലിൽ മൂന്ന് മത്സരങ്ങളും തോറ്റ അക്സർ പട്ടേലും സംഘവും ഹൈദരബാദിനെതിരായ കളി മഴ പെയ്തതുകൊണ്ടുമാത്രം രക്ഷപ്പെട്ടു.
തുടർച്ചയായ ആറ് ജയങ്ങൾക്ക് ശേഷം ഗുജറാത്തിനോട് ലാസ്റ്റ് ബോൾ ത്രില്ലറിൽ തോറ്റാണ് മുംബൈയുടെ വരവ്. സീസണിൽ ഡൽഹിയിൽ നടന്ന മത്സരത്തിൽ 12 റൺസിന് ജയിച്ചതും മുംബൈ ഇന്ത്യൻസിന് ആത്മവിശ്വാസമേകും. പത്തൊന്പതാം ഓവറിൽ മൂന്ന് റണ്ണൌട്ടുകളിലൂടെ അന്ന് മുംബൈ അവിശ്വസനീയ ജയം സ്വന്തമാക്കുകയായിരുന്നു.