കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 2 വർഷം മുൻപ് ഉണ്ടായ അപകടവുമായി ബന്ധപ്പെട്ടുള്ള കേസ് കാറുടമയുടെ സമ്മതമില്ലാതെ വ്യാജ ഒപ്പിട്ട് കോടതിയിൽ വക്കാലത്ത് ഹാജരായി പിഴ അടച്ചെന്ന് ആരോപിച്ച് ഹൈക്കോടതി റജിസ്ട്രാർ ജനറലിന് പരാതി. കാഞ്ചിയാർ കപ്യാരുതോട്ടത്തിൽ ടോമി തോമസ് ആണ് പരാതി നൽകിയിരിക്കുന്നത്.
പീരുമേട് ഗ്രാമ ന്യായാലയയിലാണ് സംഭവം.


2020 മാർച്ച് 12ന് പിതാവിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയശേഷം തിരികെ മടങ്ങുന്നതിനിടെ ടോമിയും പിതാവും മകനും സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചിരുന്നു. മൂവർക്കും ഗുരുതരമായി പരുക്കേൽക്കുകയും കാർ പൂർണമായി തകരുകയും ചെയ്തിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ തന്നെ പ്രതിയാക്കി പെരുവന്താനം പൊലീസ് പീരുമേട് കോടതിയിൽ കുറ്റപത്രം നൽകിയെന്ന് ടോമി ആരോപിക്കുന്നു.
കോടതിയിൽ നിന്ന് സമൻസ് ലഭിച്ചതിനാൽ ജാമ്യം എടുക്കാനായി പീരുമേട്ടിലെത്തി വക്കീലിനെ കാണുകയും അവർ കോടതിയുമായി ബന്ധപ്പെട്ടപ്പോൾ ഈ കേസിൽ മറ്റൊരു വക്കീൽ കോടതിയിൽ ഹാജരായെന്ന് വ്യക്തമായി.
ഇതുവരെ പീരുമേട് കോടതിയിൽ പോയിട്ടില്ലാത്ത താൻ അവിടെ ഹാജരായി മൊഴി വായിച്ചുകേട്ടെന്നും കുറ്റം സമ്മതിച്ച് 2500 രൂപ പിഴയടച്ച് കേസ് അവസാനിപ്പിച്ചെന്നുമുള്ള രേഖകളും കോടതിയിൽ നിന്ന് ലഭിച്ചു.
ഈ കേസ് നടത്താൻ ഒരു വക്കീലിനെയും ഏൽപിക്കുകയോ വക്കാലത്ത് ഒപ്പിട്ടു നൽകുകയോ ചെയ്തിട്ടില്ലെന്നും കോടതിയിൽ ഹാജരായി കുറ്റം സമ്മതിച്ചിട്ടില്ലെന്നും പിഴ ഒടുക്കിയിട്ടില്ലെന്നും ടോമിയുടെ പരാതിയിൽ പറയുന്നു.
കോടതിയിൽ ഹാജരാകാത്ത താൻ അവിടെയെത്തിയെന്നും കുറ്റപത്രം വായിച്ചുകേട്ട് കുറ്റം സമ്മതിച്ചെന്നുമുള്ള കോടതി വിധിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് ടോമിയുടെ ആവശ്യം. വ്യാജ ഒപ്പിട്ട് കേസ് അട്ടിമറിച്ചവരുടെ പേരിൽ നടപടിയെടുക്കണമെന്നും ടോമി ആവശ്യപ്പെടുന്നു.
ഈ അപകടവുമായി ബന്ധപ്പെട്ട് പാലാ മോട്ടോർ ആക്‌സിഡന്റ് കോടതിയിൽ ഇൻഷുറൻസ് നഷ്ട പരിഹാര കേസ് നിലനിൽക്കുകയാണ്. പീരുമേട് കോടതിയിൽ കുറ്റം സമ്മതിച്ച് പിഴ അടച്ചെന്ന രേഖകൾ ഉള്ളതിനാൽ ഇൻഷുറൻസ് നഷ്ടമാകാനുള്ള സാധ്യതയുമുണ്ടെന്ന് ടോമിയുടെ പരാതിയിൽ പറയുന്നു.