ആനവിരട്ടി വില്ലേജ് ഓഫീസ് സ്മാർട്ടായി; മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു
ആനവിരട്ടി വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജോഫീസായി. കല്ലാറിൽ നിർമ്മാണം പൂർത്തീകരിച്ച ഓഫീസിൻ്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവ്വഹിച്ചു. സങ്കീർണ്ണമായ ഭൂ പ്രശ്നങ്ങളും നിയമപ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന വകുപ്പെന്ന നിലയിൽ റവന്യൂ വകുപ്പിനെ സ്മാർട്ടാക്കുന്ന പ്രവർത്തനങ്ങളിലൂടെ സർക്കാർ കടന്നു പോകുകയാണെന്ന് മന്ത്രി പറഞ്ഞു.ഓഫീസുകൾ സ്മാർട്ടായതുകൊണ്ടു മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല. ഓഫീസുകളിൽ എത്തുന്ന സാധാരണക്കാരുടെ വിഷയങ്ങൾ പരിഹരിക്കപ്പെടണം.
ജില്ലയിലെ റവന്യൂവകുപ്പിൻ്റെ ഓഫീസുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് വരാൻ കഴിയുന്ന ഇ ജില്ലയായി ഇടുക്കിയെ മാറ്റാനുള്ള പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൻ്റെ പ്രാദേശിക ഉദ്ഘാടനം പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. ജി പ്രതീഷ് കുമാർ നിർവ്വഹിച്ചു.
ഇരുട്ടുകാനത്തായിരുന്നു ഇതുവരെ ആനവിരട്ടി വില്ലേജോഫീസ് പ്രവർത്തിച്ചിരുന്നത്.കല്ലാറിൽ വകുപ്പിനുണ്ടായിരുന്ന 15 സെൻ്റ് ഭൂമിയിലാണ് പുതിയതായി കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്. അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം മിനി ലാലു അധ്യക്ഷത വഹിച്ച പ്രാദേശിക ഉദ്ഘാടന ചടങ്ങിൽ ദേവികുളം തഹസീൽദാർ നൗഷാദ് പി, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.