പുതിയ കെഎസ്ആർടിസി ഡിപ്പോ പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ സിറ്റി സർവീസ് ആരംഭിക്കണമെന്ന ആവിശ്യം ശക്തം..
തൊടുപുഴ: പുതിയ കെഎസ്ആർടിസി ഡിപ്പോ പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ നഗരത്തിലെ ബസ് സൗകര്യം ഇല്ലാത്ത ബൈപാസുകളെയും സമീപത്തെ ചെറു ടൗണുകളെയും ബന്ധിപ്പിച്ച് സിറ്റി സർവീസ് ആരംഭിക്കണമെന്ന ആവിശ്യം ശക്തമായി. സമീപ നഗരങ്ങളെ അപേക്ഷിച്ച് തൊടുപുഴയിൽ ഒട്ടേറെ ബൈപാസുകളുണ്ട്.
ഇതിൽ ഭൂരിപക്ഷം ബൈപാസുകളിലും ബസ് സർവീസ് ഇല്ല. ഈ ഭാഗത്തുള്ള ആളുകൾ കൂടുതലും ഇപ്പോൾ സ്വകാര്യ വാഹനങ്ങളെയും ഓട്ടോ റിക്ഷകളെയും ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. വിദ്യാർഥികളും ജോലിക്കാരും വലിയ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്.
അതുപോലെ നഗരത്തിൽ എത്തുന്ന ആളുകൾക്ക് ബൈപാസുകളിലുള്ള സ്ഥാപനങ്ങളിലും മറ്റും പോകണമെങ്കിൽ കാൽനട യാത്ര അല്ലെങ്കിൽ ഓട്ടോറിക്ഷ വിളിക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തിൽ സിറ്റി സർവീസ് ആരംഭിക്കുന്നത് നൂറു കണക്കിനു ജനങ്ങൾക്ക് ആശ്വാസമാകും. പുതിയ ബൈപാസുകൾ വന്നെങ്കിലും ഒരു ബസ് സർവീസ് പോലുമില്ലാത്തത് ഇതിനു സമീപം താമസിക്കുന്ന ആളുകൾക്കും ബുദ്ധിമുട്ടാണ്.
തൊടുപുഴ നഗരത്തിൽ വെങ്ങല്ലൂർ– കോലാനി ബൈപാസ്, വെങ്ങല്ലൂർ–നാലുവരി പാത, കാഞ്ഞിരമറ്റം മങ്ങാട്ടുകവല ബൈപാസ്, തെനംകുന്ന് ഇറക്കംപുഴ ബൈപാസ് എന്നീ റോഡുകളിൽ ഒരു ബസ് സർവീസ് പോലുമില്ല. ഈ റോഡുകളിൽ അനവധി സ്വകാര്യ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നൂറുകണക്കിനു വീടുകളുമുണ്ട്. അതുപോലെ നഗരത്തോട് ചേർന്നുള്ള പല പൊതുമരാമത്ത് റോഡുകളിലൂടെയും ഒരു ബസ് സർവീസ് പോലുമില്ല.
മുതലക്കോടം, പെരുമ്പിള്ളിച്ചിറ, പാറ, മണക്കാട്, കോലാനി, ഒളമറ്റം, കാഞ്ഞിരമറ്റം, തെക്കുംഭാഗം, ഇടവെട്ടി, കീരികോട് തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ച് സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം. പുതിയ ഡിപ്പോ ഉദ്ഘാടനം ചെയ്യുമ്പോൾ 2 മിനി ബസുകൾ ഇതിനായി അനുവദിക്കാമെന്ന് മുൻ ഗതാഗത മന്ത്രിയും മറ്റ് അധികാരികളും പറഞ്ഞിരുന്നതാണ്.
എന്നാൽ പുതിയ ഡിപ്പോ ഉദ്ഘാടനം ചെയ്തെങ്കിലും നിലവിലുള്ള സർവീസുകൾ പോലും ആരംഭിച്ചിട്ടില്ല. മാത്രമല്ല ഇപ്പോൾ ഡിപ്പോയിൽ നിന്നുള്ള മിക്ക സർവീസുകളും നല്ല ലാഭത്തിൽ സർവീസ് നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ പഴയ സർവീസുകൾക്ക് ഒപ്പം പുതിയ സിറ്റി സർവീസും കൂടി ആരംഭിക്കണം. ഈ ആവശ്യം ഉന്നയിച്ച് വ്യാപാരികളും മറ്റും ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.