ഇടുക്കിയിൽ ലക്ഷങ്ങളുടെ ഏലയ്‌ക്ക തട്ടിയെടുത്ത സംഭവം; പിടിയിലായ സ്‌ത്രീ റിമാൻഡിൽ
ലക്ഷങ്ങളുടെ ഏലയ്‌ക്ക തട്ടിയെടുത്ത കേസില്‍ ആലപ്പുഴ തൃക്കുന്നപ്പുഴ കബീര്‍ മന്‍സില്‍ സജി കബീറി(46)നെയാണ് കഴിഞ്ഞദിവസം കുമളി പൊലീസ് ആലപ്പുഴയിൽനിന്ന് അറസ്റ്റ് ചെയ്തത്. തട്ടിപ്പുകേസിലെ പ്രധാനിയായ ഇവരുടെ സുഹൃത്ത് തിരുവനന്തപുരം ചിറയിന്‍കീഴ് ജിഞ്ചി നിവാസില്‍ കെ എൽ ജിനേഷ്(38) ഒളിവിലാണ്. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
ഏതാനും മാസം മുമ്പാണ് വിദേശത്തുനിന്ന് ഏലയ്‌ക്കയ്‌ക്ക് വലിയ ഓർഡർ ലഭിച്ചതായുള്ള വ്യാജരേഖ കാണിച്ച് തട്ടിപ്പ് നടത്തിയത്. അരക്കോടി രൂപയുടെ ഏലയ്‌ക്ക കച്ചവടക്കാരില്‍നിന്ന് എടുക്കുമ്പോള്‍ 30 മുതല്‍ 40 ശതമാനം വരെ തുക ഇവര്‍ മുന്‍കൂറായി നല്‍കിയിരുന്നതായി വ്യാപാരികൾ പറയുന്നു. പലതവണ ഇടപാടുകൾ നടത്തി വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു വൻ തട്ടിപ്പ് നടത്തിയത്. ബാക്കി പണം ലഭിക്കാതെ വന്നതോടെ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ വ്യാപാരികൾ കുമളി പൊലീസിനെ സമീപിച്ചു.
തിരുവനന്തപുരം കേന്ദ്രമാക്കിയ ജെ എസ് എക്‌സ്‌പോര്‍ട്ടെന്ന വ്യാജ കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. ലക്ഷങ്ങളുടെ ഏലയ്‌ക്ക നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ബാക്കി പണം ലഭിക്കാതെ വന്നതോടെയാണ് കുമളി കേന്ദ്രമായി പ്രവർത്തിക്കുന്ന മൊത്തവ്യാപാരി രണ്ട് മാസംമുമ്പ് കുമളി പൊലീസിൽ പരാതി നൽകിയത്. ഇതോടെയാണ് തട്ടിപ്പ് സംബന്ധിച്ച് പുറത്തറിയുന്നത്. ഇതിനകം പലരും തട്ടിപ്പിനിരയായതായി പറയുന്നു.
കുമളി സിഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ എസ്ഐ സന്തോഷ് സജീവ്, സിപിഒ ഷിജു, അഷ്റഫ്, കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇവരുടെ വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിരവധി വ്യാജ രേഖകളും പിടിച്ചെടുത്തു. ലെറ്റര്‍ പാഡുകള്‍, എടിഎം കാർഡുകൾ, പ്രമുഖ ബാങ്കുകളുടെ സീലുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തതിൽപെടുന്നു. ബെന്നി ജോസഫ് എന്ന പേരില്‍ വീട്ടില്‍നിന്ന് ഒരു ആധാര്‍ പൊലീസ് കണ്ടെടുത്തു. ജിനേഷ് വ്യാജമായി ഉണ്ടാക്കിയ ഈ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് വിദേശത്തേക്ക് കടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതേ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് കോവിഡ് വാക്‌സിന്‍ എടുത്തതിന്റെ രേഖയും പൊലീസ് കണ്ടെടുത്തി.