ജെ. പി. എം. കോളേജിൽ വീണ്ടും റാങ്കുകളുടെ തിളക്കം


ലബ്ബക്കട ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ വീണ്ടും റാങ്കുകളുടെ തിളക്കം. എം. ജി. സര്‍വ്വകലാശാല, ബിരുദപരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ഇത്തവണ മൂന്നു റാങ്കുകളാണ് കോളേജ് കരസ്ഥമാക്കിയത്. കൂടാതെ വിവിധവിഭാഗങ്ങളിൽ ഉയർന്ന വിജയശതമാനവും നേടുകയുണ്ടായി.
സോഷ്യൽവർക്ക് വിഭാഗത്തിലെ അബിനന്യാ സുഭാഷ് A ഗ്രേഡിൽ എട്ടാം റാങ്കും ടൂറിസം ആൻഡ് ട്രാവൽ മാനേജുമെൻ്റ് വിഭാഗത്തിലെ അർഷമോൾ ആർ A ഗ്രേഡിൽ നാലാം റാങ്കും അതേ വിഭാഗത്തിലെ ഷിജിൻ അലക്സ് B+ ഗ്രേഡിൽ ഒൻപതാം റാങ്കും കരസ്ഥമാക്കി.
അധ്യാപകരുടെ കൂട്ടായപരിശ്രമം, കോളേജിലെ ചിട്ടയായ അധ്യയനം, ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ മാനേജുമെന്റ് നടത്തിയ നിസ്തുലമായ സേവനങ്ങൾ ഇവയെല്ലാണ് വിജയം കൈവരിക്കാൻ തങ്ങളെ സഹായിച്ചതെന്ന് റാങ്കു ജേതാക്കൾ പറഞ്ഞു.
റാങ്കുകൾ നേടിയ വിദ്യാർത്ഥികളേയും അവരെ ഈ നേട്ടത്തിലേക്കെത്തിച്ച അധ്യാപകരെയും കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് സി. എസ്. ടി., കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി., വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി, കോളേജ് ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി., വകുപ്പ് മേധാവികൾ എന്നിവർ അഭിനന്ദിച്ചു.