പടപ്പാടി തോട്ടിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി.
കാഞ്ഞിരപ്പള്ളി: എരുമേലി റോഡിലെ 26-ാം മൈൽ പാലത്തിന് അടിയിൽ പടപ്പാടി തോട്ടിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി. തോട്ടിൽ അടിഞ്ഞിരിക്കുന്ന മാലിന്യങ്ങൾക്ക് പുറമേ പ്ലാസ്റ്റിക് മാലിന്യങ്ങൾ വെള്ളത്തിനു മീതെ കിടക്കുകയാണ്. ഒഴുകിയെത്തുന്ന മാലിന്യങ്ങളാണു പാലത്തിനടിയിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ ബലക്ഷയത്തിലായ പാലം അടുത്തിടെയാണ് അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാര യോഗ്യമാക്കിയത്. തോട്ടിലെ വെള്ളം വറ്റിച്ചാണ് പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഫെബ്രുവരി മാസത്തിൽ നടത്തിയത്.
തുടർന്ന് 2 മാസം തികയും മുൻപേ പാലത്തിന് അടിയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി. വേനൽ മഴയിൽ തോട്ടിൽ നീരൊഴുക്കു തുടങ്ങിയതോടെയാണ് സമീപങ്ങളിലെ മാലിന്യങ്ങൾ ഒഴുകിയെത്തിയത്. 16 ലക്ഷം രൂപ മുടക്കി ചിറ്റാർ പുഴയും കൈവഴികളും വൃത്തിയാക്കുന്ന ചിറ്റാർ പുനർജനി പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നത് പടപ്പാടി തോടിന്റെ താഴെ പൂതക്കുഴി ഭാഗത്താണ്. പൂതക്കുഴി ഭാഗം മുതൽ താഴോട്ടു പുഴ വൃത്തിയാക്കിയാലും, അടുത്ത മഴയിൽ 26-ാം മൈൽ പാലത്തിനടിയിലെ മാലിന്യങ്ങൾ പൂതക്കുഴി ഭാഗത്തു കൂടി ചിറ്റാർ പുഴയിൽ ഒഴുകിയെത്തും.