ഇടുക്കി രാമക്കല്‍മേട്ടില്‍, ഉപയോഗിക്കാത്ത, കിണറില്‍ നിന്നും ചന്ദന തടിയുടെ കഷ്ണങ്ങള്‍ കണ്ടെടുത്തു. ഒന്നര അടി വരെ നീളമുള്ള ചെറു തടികളും, അവശിഷ്ടങ്ങളുമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം, സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ നിന്നും മോഷണം പോയ, മരങ്ങളുടെ ബാക്കി ഭാഗങ്ങളാണെന്നാണ് നിഗമനം.
അറുപത് അടിയിലധികം താഴ്ചയുള്ള കിണറിലാണ്, ചന്ദന കഷ്ണങ്ങള്‍ കിടന്നിരുന്നത്. അഗ്നി ശമനാ സേനാ വിഭാഗത്തിലെ മുങ്ങല്‍ വിദഗദ്ധരുടെ സഹായത്തോടെയാണ്, തടികള്‍ പുറത്തെടുത്തത്. ഒന്നര അടിവരെ നീളം വരുന്ന ചെറിയ കഷ്ണങ്ങളും, തടികള്‍ മുറിയ്ക്കുന്നനിടെ ഉണ്ടായ അവശിഷ്ടങ്ങളും, മരത്തിന്റെ തോലും ആണ് കിണറില്‍ ഉപേക്ഷിച്ചിരുന്നത്.
കിണറ്റില്‍ നിന്നും ശേഖരിച്ച കഷ്ണങ്ങള്‍ കല്ലാര്‍ ഫോറസ്റ്റ് ഓഫീസിലേയ്ക്ക് മാറ്റി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രാമക്കല്‍മേട് സ്വദേശിയുടെ പുരയിടത്തില്‍ നിന്നും ചന്ദന മരങ്ങള്‍ മോഷണം പോയിരുന്നു. എട്ട് ചെറിയ മരങ്ങള്‍, ചുവടെ വെട്ടി മാറ്റിയത് ഉള്‍പ്പടെ 15 ഓളം മരങ്ങളാണ്, വിവിധ ദിവസങ്ങളിലായി മോഷ്ടിയ്ക്കപെട്ടത്. ചെറിയ മരങ്ങളില്‍ കാതല്‍ ഇല്ലാത്തതിനാല്‍, ഇവ കൃഷിയിടത്തില്‍ തന്നെ ഉപേക്ഷിയ്ക്കുകയായിരുന്നു. സംഭവത്തില്‍ വനം വകുപ്പും പോലിസും അന്വേഷണം ആരംഭിച്ചതോടെ, മോഷ്ടാക്കള്‍, ഉരുപ്പടികള്‍ കണറില്‍ ഉപേക്ഷിയ്ക്കുകയായിരുന്നുവെന്നാണ് നിഗമനം. മോഷണം നടന്ന പുരയിടത്തില്‍ നിന്നും ഏകദേശം, അര കിലോമീറ്ററോളം അകലെ, സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ സ്ഥിതി ചെയ്യുന്ന കിണറിലാണ് കഷ്ണങ്ങള്‍ ഉപേക്ഷിച്ചത്. വര്‍ഷങ്ങളായി, ഉപയോഗിക്കാതെ കിടക്കുന്ന കിണറാണിത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്, വനം വകുപ്പ് അന്വേഷണം നടത്തും.