സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു; ജൂൺ 2 മുതൽ മോഡൽ പരീക്ഷ.. ജൂണ്‍ ഒന്നിന് പ്രവേശനോത്സവം


പ്ലസ് വൺ മാതൃകാ പരീക്ഷ ജൂണ്‍ രണ്ട് മുതൽ ഏഴുവരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പ്ലസ് വൺ വാർഷിക പരീക്ഷ ജൂണ്‍ 13 മുതൽ 30 വരെ. രണ്ടാം വര്‍ഷ ഹയര്‍ സെക്കൻഡറി ക്ലാസുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും.
മേയ് രണ്ടാമത്തെ ആഴ്ച മുതല്‍ മേയ് അവസാന ആഴ്ച വരെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. സ്കൂൾ തുറക്കലിനു ജൂൺ ഒന്നിനു വിപുലമായ പ്രവേശനോൽസവം നടത്തും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു നടക്കും. ഒന്നാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 27 മുതൽ ആരംഭിക്കും.
2022–23 വർഷത്തെ പാഠപുസ്തകത്തിന്റെ അച്ചടി പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 28ന് തലസ്ഥാനത്ത് നടത്തും. 288 ടൈറ്റിലുകളിലായി 2,84,22,06 ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ വിതരണത്തിനായി തയാറാകുന്നത്. അധ്യാപക നിയമനത്തിലെ കാലതാമസം ഒഴിവാക്കാൻ സമന്വയ സോഫ്റ്റുവെയറിൽ മാറ്റം വരുത്തും. സര്‍ക്കാര്‍ സ്കൂളുകളിലും 3365 എയിഡഡ് സ്കൂളുകളിലും അടക്കം ആകെ 7077 സ്കൂളുകളിലെ 9,58,060 കുട്ടികള്‍ക്കാണ് കൈത്തറി യൂണിഫോം നല്‍കുന്നത്. ആകെ 42.08 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുന്നത്. സ്കൂളുകളിലെ യൂണിഫോം സ്കൂളിനും പിടിഎയ്ക്കും തീരുമാനിക്കാം. വിവാദമാകുന്ന യൂണിഫോമുകള്‍ ഒഴിവാക്കണം.
എസ്എസ്എൽസി പരീക്ഷയ്ക്കായി പരീക്ഷാ മാന്വൽ തയാറാക്കും. സ്കൂൾ പ്രവൃത്തികൾക്കായി സ്കൂൾ മാന്വലും തയാറാക്കും. സ്കൂളുകളിൽ കൂടുതൽ മെച്ചപ്പെട്ട ഉച്ചഭക്ഷണം നൽകും. 12,306 സ്കൂളുകളിലാണ് ഉച്ചഭക്ഷണം നൽകുന്നത്. ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം നേന്ത്രപഴവും ഒരു ദിവസം മുട്ടയും നൽകും. വിപുലമായ പോഷകാഹാരം കുട്ടികൾക്കു നൽകും. എല്ലാ സ്കൂളിലും പച്ചക്കറി കൃഷി നടത്തും.
എല്ലാ സ്കൂളിലും പൂർവ വിദ്യാർഥി സംഘടന രൂപീകരിക്കും. സ്കൂളുകള്‍ മിക്സഡ് സ്കൂളുകള്‍ ആക്കുന്നതിന് സര്‍ക്കാരിന് വളരെയധികം അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. സ്കൂളിനെ മിക്സഡ് സ്കൂള്‍ ആക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പിടിഎ, സ്കൂള്‍ നിലകൊള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയോടുകൂടി ആലോചിച്ച് യോജിച്ച തീരുമാനം എടുത്ത് സര്‍ക്കാരിലേക്കു ശുപാര്‍ശ ചെയ്യാവുന്നതാണെന്നു മന്ത്രി പറഞ്ഞു.