ജൽ ജീവൻ മിഷൻ ഒന്നാംഘട്ടം പൂർത്തിയാക്കിയ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ ബിജെപി ആദരിച്ചു
കട്ടപ്പന: ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപക ദിനം മുതൽ ഏപ്രിൽ ഇരുപതാം തീയതി വരെ ആഘോഷിക്കുന്ന സാമൂഹ്യനീതി പാക്ഷികത്തിൻ്റെ ഭാഗമായി നരേന്ദ്ര മോദി സർക്കാരിൻ്റെ സ്വപ്നപദ്ധതിയായ ജൽജീവൻ മിഷൻ ഒന്നാംഘട്ടം പ്രവർത്തനം പൂർത്തിയാക്കിയ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സുരേഷ് കുഴിക്കാട്ടിനെ ബിജെപി ജില്ലാ കമ്മിറ്റി ആദരിച്ചു. തൊണ്ണൂറ് ശതമാനം സബ്സിഡിയോടുകൂടി നടപ്പാക്കുന്ന പദ്ധതി എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് കണക്ഷൻ വഷി ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചിട്ടുള്ളത്. ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച കാഞ്ചിയാർ പഞ്ചായത്തിൽ പദ്ധതി പൂർത്തിയാകുമ്പോൾ മുവായിരത്തി നാനൂറ് വീടുകളിൽ പൈപ്പുകൾ വഴി ശുദ്ധജലം ലഭിക്കും.
പദ്ധതി അടിയന്തരമായി പൂർത്തീകരിക്കാനുള്ള എല്ലാ നടപടികളും ഭരണസമിതി സ്വീകരിക്കുന്നുണ്ടെന്നും എല്ലാ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും ഇതിനോട് വളരെ നന്നായി സഹകരിക്കുന്നുണ്ട് എന്നും കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുരേഷ് കുഴിക്കാട്ടിൽ പറഞ്ഞു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനെ പൊന്നാടയണിയിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് കെ കുമാർ മണ്ഡലം പ്രസിഡൻ്റ് സനിൽ സഹദേവൻ ജനറൽ സെക്രട്ടറി പി എം പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.