കുറഞ്ഞ ചിലവിൽ ജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം : മന്ത്രി ആൻ്റണി രാജു


തൊടുപുഴ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു
സാധാരണക്കാർക്ക് ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങൾക്കും കുറഞ്ഞ ചിലവിൽ യാത്രാ സൗകര്യം ഒരുക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു. തൊടുപുഴ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപ്പ് നിയമസഭയുടെ ആദ്യ യോഗത്തിൽ തന്നെ തൊടുപുഴ ഡിപ്പോയ്ക്കായി നിവേദനം ലഭിച്ചിരുന്നു. ഇതിനായി നിരവധി യോഗങ്ങൾ ചേർന്നു. സാമ്പത്തിക പരാധീനതയുടെ നടുവിലായിരുന്നെങ്കിലും നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു സർക്കാർ ലക്ഷ്യം. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 6 കോടിയോളം രൂപ അധികം ചിലവഴിച്ചാണ് ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനത്തിന് സജ്ജജമാക്കിയത്.
ജനങ്ങളുമായി ഏറെ ഇഴുകിച്ചേർന്ന സർക്കാർ സംവിധാനമാണ് കെഎസ്ആർടിസി. ഇതിൻ്റെ ഉടമകൾ യാത്രക്കാരായ ജനങ്ങൾ തന്നെയാണ്. അതിനാൽ യാത്രക്കാർ കെഎസ്ആർടിസിയെ സൂക്ഷ്മതയോട് കൂടി നിരീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യും. കെഎസ്ആർടിസിയുടെ സുഗമമായ നടത്തിപ്പിനും നിലനിർത്തലിനുമായി കഴിഞ്ഞ ഒരു വർഷത്തിനിടെ 2000 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ഇടപെടലിൽ സർക്കാർ നൽകിയത്. ഇതുപയോഗിച്ച് 11 വർഷമായി നടപ്പാക്കാതിരുന്ന ശമ്പള പരിഷ്കരണം യാതാർത്ഥ്യമാക്കി. 30,000 ജീവനക്കാരുടെ ജീവിത സുരക്ഷ ഉറപ്പാക്കാൻ ഇതിലൂടെ കഴിഞ്ഞു.
ഇതിലൂടെ മാത്രം 15 കോടി രൂപ പ്രതിമാസം അധിക ചെലവ് വരുന്നുണ്ട്. ഇതിന് പുറമേ സഹകരണ വകുപ്പിൻ്റെ സഹായത്തോടെ മുടങ്ങാതെ പെൻഷൻ കൊടുക്കാനും സാധിക്കുന്നുണ്ട്. പ്രതിമാസം 30 കോടി രൂപയാണ് ഡീസലിന് മാത്രം വേണ്ടി വരുന്നത്. ഇതിനനുസരിച്ചുള്ള വരുമാനം ഇല്ലെങ്കിലും ഈ സാമ്പത്തിക പരാധീനതകൾക്ക് നടുവിലും കെഎസ്ആആർടിസിയുടെ പ്രവർത്തനം സുഗമമായി കൊണ്ടുപോകുന്നതായും അദ്ദേഹം പറഞ്ഞു.
പൊതുഗതാഗത രംഗത്ത് ആധുനിക ഹൈടെക് ബസുകൾ ഉപയോഗിച്ച് സ്വിഫ്റ്റ് ബസ് സർവ്വീസ് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗതാഗത വകുപ്പാണ് കേരളത്തിലെ കെഎസ്ആആർടിസി. ഇത് ചരിത്രമായി മാറുമെന്നുള്ളതാണ് പ്രതീക്ഷ. ഇതിന് പുറമേ നഗര യാത്രക്കുള്ള 50 ഇലക്ട്രിക് ബസുകൾ ഉടൻ തന്നെ എത്തിച്ചേരും. ഇവ ചാർജ് ചെയ്യാനുള്ള സൗകര്യം നഗരങ്ങളിൽ ഇതിനോടകം ഏർപ്പെടുത്തിക്കഴിഞ്ഞു. ഇതിലൂടെ ഡീസലിനെ അപേക്ഷിച്ച് ഇന്ധന ചലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പുതിയ ഡിപ്പോ അങ്കണത്തിൽ നടത്തിയ
ഉദ്ഘാടന യോഗത്തില്‍ പി.ജെ.ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്ആര്‍ടിസി ചെയർമാനും എംഡിയുമായ ബിജു പ്രഭാകര്‍ സ്വാഗതം പറഞ്ഞു. തൊടുപുഴ നഗരസഭാ കൗണ്‍സിലര്‍ ജോസഫ് ജോണ്‍, ഓപ്പറേഷന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ജി.പി. പ്രദീപ്, ഇ.ഡി. ഇന്‍ചാര്‍ജ് എസ്.രമേഷ് , കെ.ഐ.സലീം, സിജി ജോസഫ്, എസ്.അരവിന്ദ് എന്നിവർ സംസാരിച്ചു. ഡിടിഒ എ.അജിത് നന്ദി പറഞ്ഞു.
ഡിപ്പോ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നഗരത്തില്‍ തുറക്കുക പുതു വികസന പാത
ഒരു പതിറ്റാണ്ടായുള്ള തൊടുപുഴ നിവാസികളുടെ കാത്തിരിപ്പിനൊടുവില്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് യാത്രക്കാര്‍ക്കായി തുറന്നു നല്‍കി. ഡിപ്പോ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നഗരത്തില്‍ പുതിയ ഒരു വികസന പാതയാകും തുറക്കുക. 2013 ജനുവരി പത്തിനാണ് തൊടുപുഴയില്‍ പുതിയ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം ആരംഭിച്ചത്. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോയുടെ മേല്‍നോട്ടത്തില്‍ മൂവാറ്റുപുഴയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കായിരുന്നു നിര്‍മാണച്ചുമതല.
ആദ്യ ഘട്ടത്തില്‍ പന്ത്രണ്ടര കോടി കണക്കാക്കിയ നിര്‍മാണച്ചെലവ് പിന്നീട് 18 കോടി വരെയായി ഉയര്‍ന്നുവെങ്കിലും നിർമ്മാണം പൂർത്തിയാക്കാനായില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ അനുവദിച്ച ഫണ്ട് ഉൾപ്പെടെ 22.66 കോടി രൂപ മുടക്കിയാണ് നിലവിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ഇതിൽ ഒരു കോടി രൂപ എംഎൽഎ ഫണ്ടും ഉൾപ്പെടും.
തൊടുപുഴ – ഇടുക്കി റൂട്ടില്‍ മൂപ്പില്‍കടവ് പാലത്തിനു സമീപമാണ് ആധുനിക രീതിയിലുള്ള കെഎസ്ആര്‍ടിസി ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരേ സമയം 40 ബസുകള്‍ പാര്‍ക്ക് ചെയ്യാനും, പത്ത് ബസുകള്‍ക്ക് യാത്രക്കാരെ കയറ്റി ഇറക്കി പോകാനുമുള്ള സൗകര്യവും പുതിയ ഡിപ്പോയിലുണ്ട്. ഏറ്റവും താഴത്തെ നിലയില്‍ ഗ്യാരേജ് , അതിന് മുകളിൽ പാര്‍ക്കിംഗ്, ഒന്നാം നിലയില്‍ ബസ് ടെര്‍മിനല്‍, രണ്ടും മൂന്നും നിലകളിള്‍ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഗ്യാരേജിൽ പത്തോളം ബസുകള്‍ക്ക് ഒരേസമയം അറ്റകുറ്റ പണികള്‍ നടത്താന്‍ സൗകര്യമുണ്ട്. ഡിപ്പോ പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് ഡീസല്‍ പമ്പ് സ്ഥാപിച്ചു കഴിഞ്ഞു.
നിലവില്‍ നഗരസഭാ വക ലോറി സ്റ്റാന്‍ഡിലാണ് താത്കാലിക സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്നത്. കെട്ടിട നിർമ്മാണം നടത്തേണ്ടതിനാൽ ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നിരവധി തവണ കെഎസ്ആര്‍ടിസിയ്ക്ക് കത്തു നല്‍കിയിരുന്നു. ജീവനക്കാരും യാത്രക്കാരും അസൗകര്യങ്ങളാല്‍ വീര്‍പ്പു മുട്ടുകയായിരുന്നു ഇവിടെ. മഴക്കാലത്ത് സ്റ്റാന്‍ഡ് ചെളിക്കുണ്ടായി മാറും. ഇത് ബസ് പാര്‍ക്കിംഗിനും യാത്രക്കാര്‍ക്ക് വാഹനങ്ങളില്‍ കയറുന്നതിനും വെല്ലുവിളിയായിരുന്നു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍ പോലും ഇവിടെയില്ലായിരുന്നു.
തൊടുപുഴയിൽ നിന്നും പുതിയ രണ്ട് സർവീസ്
ഉദ്ഘാടനത്തോട് അനുബന്ധിച്ച് തൊടുപുഴ ഡിപ്പോയ്ക്ക് രണ്ട് ദീർഘദൂര ബസുകൾ അനുവദിച്ചതായി മന്ത്രി പറഞ്ഞു. തിങ്കൾ രാവിലെ മുതൽ സർവ്വീസ് നടത്തി തുടങ്ങും. ഇതിൽ ആദ്യ ബസ് തിരുവനന്തപുരത്തേക്ക് എ.സി ലോഫ്ലോർ തിങ്കൾ മുതൽ രാവിലെ 6 ന് തൊടുപുഴയിൽ നിന്നും പുറപ്പെടും. തിരുവനന്തപുരത്ത് നിന്നും ഉച്ചക്ക് 2 ന് തിരിച്ച് തൊടുപുഴക്കും സർവ്വീസ് നടത്തും. രണ്ടാമത്തെ ബസ് തൊടുപുഴയിൽ നിന്നും രാവിലെ 6.30ന് പുറപ്പെട്ട് 10 ന് ആലപ്പുഴയെത്തും. തിരികെ ആലപ്പുഴയിൽ നിന്നും 11 ന് പുറപ്പെട്ട് ഉച്ചക്ക് 2.30 ന് തൊടുപുഴയിൽ എത്തിച്ചേരും. തൊടുപുഴ, പുറപ്പുഴ, രാമപുരം, തണ്ണീർമുക്കം വഴിയാണ് ആലപ്പുഴയിലേക്കും തിരിച്ചുമുള്ള സർവീസ്.