നാല്പതാം വെള്ളി, എഴുകുംവയൽ കുരിശുമല ചവിട്ടാൻ പതിനായിരങ്ങൾ
കട്ടപ്പന: ഹൈറേഞ്ചിലെ പ്രസിദ്ധ നോമ്പുകാല തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ നാല്പതാം വെള്ളിയുടെ ഭാഗമായി കുരിശുമല ചവിട്ടാൻ കാൽ ലക്ഷത്തിലധികം വിശ്വാസികൾ എത്തി. നേരം പുലരുന്നതിനു മുൻപേ ആരംഭിച്ച ഭക്തജന പ്രവാഹം രാത്രി വൈകിയും തുടരുകയാണ്.കുരിശുമലയിലെത്തിയ മുഴുവൻ വിശ്വാസികൾക്കും തീർത്ഥാടക ദേവാലയത്തിലെ ഭക്ത കമ്മങ്ങളിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നതായി വികാരി ഫാ.ജോർജ് പാട്ടത്തേക്കുഴി അസി.വികാരി ഫാ. മാത്യു വി ച്ചാട്ട് എന്നിവർ അറിയിച്ചു.
ഇടുക്കി രൂപതയിലെയും, പുറം രൂപതകളിലെയും വിവിധ ദേവാലയങ്ങളിൽ നിന്നും വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശുമലയിലേക്ക് ഒഴുകിയെത്തി.
രാവിലെ 10 മണിക്ക് കുരിശുമലയിലേക്ക് നടന്ന പീഡാനുഭവ യാത്രക്ക് തീർത്ഥാടക ദേവാലയ സ്ഥാപകൻ ഫാ.ജോൺ ആനിക്കോട്ടിൽ നേതൃത്വം നല്കി. ഇടവക ഭവനങ്ങളിൽ നിന്നെത്തിച്ച കൊഴുക്കൊട്ടാ നേർച്ച ഇന്നത്തെ പ്രത്യേകതയായിരുന്നു.
ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ രൂപതയിലെ KCYM ,CML, മാതൃദീപ്തി പ്രവർത്തകർ വൈകുന്നേരം 4.30 ന് കുരിശുമല കയറി.
ദു:ഖ വെള്ളിയാഴ്ച കട്ടപ്പനയിൽ നിന്നും രാവിലെ 7 മണി മുതലും , നെടുംകണ്ടത്തു നിന്നും 8 AM മുതലും എഴുകുംവയൽ കുരിശുമലയിലേക്ക് KSRTC യും , സ്വകാര്യബസുകളും സർവ്വീസ് നടത്തുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.