വിദ്യാർഥികൾക്ക് SSLC- യുടെ ആദ്യദിനം ആശ്വാസകരം
പതിവു കളിചിരികൾ മാറ്റിവച്ച്, തികഞ്ഞ ഗൗരവത്തോടെയാണു ഇന്നലെ അവർ സ്കൂളിലെത്തിയത്. ചിലർ നല്ല ആത്മവിശ്വാസത്തിൽ; മറ്റു ചിലർ ചെറിയ ആശങ്കയോടെ…രണ്ടു മണിക്കൂറിനുശേഷം പരീക്ഷാ ഹാളിൽ നിന്നു തിരിച്ചിറങ്ങുമ്പോൾ മുഖങ്ങളിൽ തെളിഞ്ഞത് ആശ്വാസത്തിന്റെ പുഞ്ചിരിവെട്ടം. എസ്എസ്എൽസി പരീക്ഷയുടെ ആദ്യ ദിനത്തിലെ മലയാളം ഒന്നാം പേപ്പർ പൊതുവേ എളുപ്പമായിരുന്നുവെന്നാണു വിദ്യാർഥികളുടെ പ്രതികരണം.
ആദ്യമായി പൊതുപരീക്ഷയെ നേരിടുന്നതിന്റെ പേടി പല വിദ്യാർഥികൾക്കും ഉണ്ടായിരുന്നെങ്കിലും ആദ്യദിവസത്തെ പരീക്ഷ അവർക്ക് ആത്മവിശ്വാസം നൽകുന്നതാണെന്ന് അധ്യാപകരും വ്യക്തമാക്കി. 11,628 വിദ്യാർഥികളാണ് ജില്ലയിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. കോവിഡിന്റെ രൂക്ഷവ്യാപനം കുറഞ്ഞെങ്കിലും പരീക്ഷാകേന്ദ്രങ്ങളിൽ മുൻകരുതലൊരുക്കിയിരുന്നു.
വിദ്യാർഥികളുടെ ശരീരോഷ്മാവ് തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധിച്ച്, കൈകൾ അണുവിമുക്തമാക്കിയ ശേഷമാണു ഹാളിലേക്കു പ്രവേശിപ്പിച്ചത്. ജില്ലയിൽ എല്ലാ കേന്ദ്രങ്ങളിലും പരീക്ഷ സുഗമമായി നടന്നതായും പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടു പരാതികളൊന്നും ഉണ്ടായില്ലെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്രവ്യാസ് പറഞ്ഞു. വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ ഡിഡിഇ, ഡിഇഒ തലത്തിലുള്ള സ്ക്വാഡുകൾ പരിശോധന നടത്തി. 6ന് ഇംഗ്ലിഷ് ആണ് അടുത്ത പരീക്ഷ. 29ന് സമാപിക്കും.