വേനൽ കത്തുമ്പോൾ വിശ്രമിക്കാതെ അഗ്നിരക്ഷസേന…
24 മണിക്കൂർ തുടർച്ചയായി ജോലി ചെയ്താലേ വിശ്രമിക്കാനാകൂ. ജീവനക്കാരില്ലാത്തതാണ് സേന നേരിടുന്ന വെല്ലുവിളി. തീയണയ്ക്കാൻ പോകുന്ന ചെറിയ ഒരു സംഘത്തിൽ 5 പേർ വരെയുണ്ടാകും. ജില്ലയിലാകെ 8 സ്റ്റേഷനുകളാണുള്ളത്. കൂടുതൽ സ്റ്റേഷനുകൾക്കുള്ള നിർദേശം ചുവപ്പുനാടയിൽ കുടുങ്ങി. കോട്ടയം മെഡിക്കൽ കോളജിൽ പോലും ഫയർ സ്റ്റേഷൻ ഇല്ല. കോട്ടയത്തുനിന്ന് ഓടിയെത്തണം. ഏറ്റുമാനൂരിൽ സ്റ്റേഷൻ വേണമെന്ന ആവശ്യവും നടപ്പായിട്ടില്ല.
പുറത്തിറങ്ങിയാൽ ചുറ്റും ചുട്ടുപൊള്ളുന്ന ചൂട്. അതിനൊപ്പം ആളിക്കത്തുന്ന തീ അണയ്ക്കാൻ അരികെനിന്ന് പൊരുതണം. കത്തുന്ന തീയും കറുത്ത പുകയും മറികടന്നാണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. പലപ്പോഴും കുടിവെള്ളം പോലും കിട്ടാതെ നാക്ക് വരണ്ടു പോകും. ചൂടുകാറ്റും പുകയുമേറ്റ് കണ്ണുകളാകെ നീറും. ചിലപ്പോൾ തലകറങ്ങി വീണു പോകും. തീ കെടുത്തുമ്പോൾ എതിരെ കാറ്റ് വന്നാൽ പിന്നെ നിൽക്കാനാവാത്ത അവ്സഥയാകും.
ചൂട് കൂടുന്നതിനനുസരിച്ച് ഫയർകോളുകളിലും വൻ വർധനയാണുള്ളത്. റബർ എസ്റ്റേറ്റുകളിലും പാടങ്ങളിലുമെല്ലാം തീപിടിത്തമുണ്ടാകുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് സേന നേരിടുന്ന പ്രതിസന്ധിയാണ്. ആവശ്യമായ ഉപകരണങ്ങളും അത്യാധുനിക സംവിധാനങ്ങളുമുണ്ടെങ്കിലും സ്റ്റേഷനുകളുടെയും ജീവനക്കാരുടെയും എണ്ണക്കുറവ് ജോലിഭാരം കൂട്ടുന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും ഫയർ സ്റ്റേഷൻ ആവശ്യമാണ്.