എംജി തിരഞ്ഞെടുപ്പ്: ജില്ലയിൽ എസ്എഫ്ഐക്കു മേധാവിത്വം
എംജി സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ ക്യാംപസുകളിൽ എസ്എഫ്ഐക്കു മേൽക്കൈ. ജില്ലയിൽ 28 കോളജുകളിലേക്കുള്ള യൂണിയൻ തിരഞ്ഞെടുപ്പിൽ 24 സ്ഥലങ്ങളിൽ എസ്എഫ്ഐ വിജയിച്ചു. 4 കോളജുകളിലാണ് കെഎസ്‌യു വിജയിച്ചത്.
ജില്ലയിലെ എല്ലാ ഗവ. കോളജുകളിലെ എല്ലാ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചതായി എസ്എഫ്ഐ ജില്ലാ സെക്രട്ടറി തേജസ് കെ.ജോസ് പറഞ്ഞു. അതേസമയം പല കോളജുകളിലും തിരഞ്ഞെടുപ്പിൽ നിന്ന് കെഎസ്‍യു വിട്ടുനിന്നതാണ് മുൻവർഷങ്ങളെക്കാൾ പിന്നിലേക്ക് പോകാൻ കാരണമെന്നും ശരിയായ രാഷ്ട്രീയ പോരാട്ടം നടന്നിരുന്നെങ്കിൽ കെഎസ്‍യു വിജയിക്കുമായിരുന്നെന്നും കെഎസ്‍യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് പറഞ്ഞു
അടിമാലി മാർ ബസേലിയോസ് കോളജിൽ മരിയ ജോസഫ് (ചെയർപഴ്സൻ ), എസ്. അമൽ ദേവ് (ജന.സെക്രട്ടറി), അലൻ നിഥിൻ സ്റ്റീഫൻ (യു യു സി ) എന്നിവർ വിജയിച്ചു. കാർമൽ ഗിരി കോളജിൽ ജെറിൻ മാത്യു (ചെയർമാൻ), ജോബിൻ (ജന. സെക്രട്ടറി), അശ്വിൻ രാജേഷ് (യു യു സി ) എന്നിവർ വിജയിച്ചു. മൂന്നാർ. ഗവ. ആർട്സ് കോളജിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ മുഴുവൻ സീറ്റിലും വിജയിച്ചു. ഏഴ് സീറ്റിലേക്ക് എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുരിക്കാശേരി പാവനാത്മാ കോളജിൽ കെഎസ്‌യുവിനു ഭൂരിപക്ഷം ലഭിച്ചു.
അജു റോബർട്ട് (ചെയർമാൻ), മേഘ മരിയ ബേബി (വൈസ് ചെയർമാൻ), റോബർട്ട് ജയിംസ് വിൻസന്റ് (ജനറൽ സെക്രട്ടറി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മുരിക്കാശേരി രാജമുടി മാർ സ്ലീവ കോളജിൽ എസ്എഫ്ഐക്കാണ് ഭൂരിപക്ഷം. സച്ചിൻ സിബി (ചെയർമാൻ), ചിപ്പി വിനോദ് (വൈസ് ചെയർമാൻ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അനന്തു അനിൽ കെഎസ്‌യു നോമിനിയാണ്. രാജകുമാരി എൻഎസ്എസ് കോളജ് യൂണിയൻ എല്ലാ ജനറൽ സീറ്റുകളും എസ്എഫ്ഐ നേടി.
യൂണിയൻ ഭാരവാഹികൾ അൻസു സനിൽ (ചെയർമാൻ), കെ.ബി.സാന്ദ്ര (വൈസ് ചെയർപേഴ്സൻ), അമൽ പ്രസാദ് (ജനറൽ സെക്രട്ടറി), അനന്തു മനോജ്, അച്ചുമോൻ സജി (യുയുസി), പി.എസ്.അസ്നമോൾ (മാഗസിൻ എഡിറ്റർ), പി.ശരത് (ആർട്സ് ക്ലബ് സെക്രട്ടറി). നെടുങ്കണ്ടം എംഇഎസ് കോളജിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് സമ്പൂർണ ആധിപത്യം. ചെയർപഴ്സനായി ആർദ്ര ബെന്നി, വൈസ് ചെയർപഴ്സനായി ദേവിക സനിൽ എന്നിവരെ തിരഞ്ഞെടുത്തു. മറയൂർ ഐഎച്ച്ആർഡി കോളജിൽ യൂണിയൻ എല്ലാ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു.
ചെയർമാൻ എ.ആർ. അബ്ദുൽ റഹ്മാൻ, വൈസ് ചെയർപഴ്സൻ എൻ.പ്രിയ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി ആർ.രാജ ദുരൈ, ജനറൽ സെക്രട്ടറി ശ്രീബാലാജി എന്നിവർ വിജയിച്ചു കട്ടപ്പന ഗവ.കോളജിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരിയ സംഘർഷം ഉണ്ടായി. ജില്ലയിലെ മറ്റു ക്യാംപസുകളിൽ സ്ഥിതി സമാധാനപരമായിരുന്നു. മുൻപു 33 ക്യാംപസുകളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിലും 5 ക്യാംപസുകളിൽ ഇത്തവണ യൂണിയൻ തിരഞ്ഞെടുപ്പില്ല. 3 ക്യാംപസുകൾ തിരഞ്ഞെടുപ്പ് വേണ്ടെന്നു വച്ചപ്പോൾ 2 ക്യാംപസുകൾ വിദ്യാർഥികളും അധ്യാപകരും ചേർന്നു തിരഞ്ഞെടുത്ത സ്റ്റുഡന്റ്സ് കൗൺസിലാണു ഭരിക്കുന്നത്.
.